കൂറ്റൻ ജെയിലൊരുക്കി അണിയറപ്രവർത്തകർ; ‘വാടാചെന്നൈ’യുടെ മേക്കിങ് വീഡിയോ കാണാം

September 29, 2018

ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രം വാടാ ചെന്നൈയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ധനുഷിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ആടുക്കളത്തിന്റെ സംവിധായകൻ വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആടുകളത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ധനുഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി കൂറ്റൻ ജയിലിന്റെ സെറ്റ് ഒരുക്കുന്നതിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രത്തിൽ ക്യാരംസ് കളിക്കാരനായാണ് ധനുഷ് വേഷമിടുന്നത്. ദേശീയ ക്യാരംസ് കളിക്കാരനായ അൻപ് എന്ന കഥാപാത്രത്തെയാണ് ധനുഷ് വാടാചെന്നൈയിൽ അവതരിപ്പിക്കുന്നത്.

മൂന്ന് ഭാഗങ്ങളായി ചിത്രീകരിക്കുന്ന സിനിമയിൽ മൂന്ന് വിത്യസ്ത ലുക്കിലാണ് ധനുഷ് എത്തുന്നത്. എഴുപതുകളിലെ കാലഘട്ടം സൂചിപ്പിക്കുന്ന ഹെയര്‍ സ്റ്റൈലും വസ്ത്രധാരണവുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ധനുഷും സമുദ്രക്കനിയുമൊക്കെ കാണിക്കുന്നത്.  കട്ട താടിയിലും താടിയില്ലാതെയുമൊക്കെ ചിത്രത്തിൽ ധനുഷ് പ്രത്യക്ഷപ്പെടുന്നത് ആരാധകരിൽ വാനോളം പ്രതീക്ഷയാണ് ഉയർത്തുന്നത്. ചിത്രത്തിൽ ധനുഷിനൊപ്പം സമുദ്രക്കനിയും ആന്‍ഡ്രിയ ജെറമിയയും വ്യത്യസ്തമായ ലുക്കുകളില്‍ എത്തുന്നുണ്ട്. ചിത്രത്തിൽ  ഐശ്വര്യ രാജേഷും  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾക്കും ടീസറുകൾക്കുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ഈ ചിത്രം ധനുഷിന്റെ ജീവിതത്തിലെ നാഴികക്കല്ലായി മാറുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.