വിജയലക്ഷ്മിക്ക് കൂട്ടായി ഇനി ഈ മിമിക്രി കലാകാരനും..

September 6, 2018

സംഗീതത്തിന്റെ ലോകത്ത് പുതിയ ചരിത്രം കുറിച്ച മലയാളികളുടെ പ്രിയപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവാനൊരുങ്ങുന്നു. ശാരീരിക അസ്വസ്ഥതകളെ പാടി തോൽപ്പിച്ച വിജയലക്ഷ്മിക്ക് മിന്നു ചാർത്താൻ എത്തുന്നത് മിമിക്രി കലാകാരൻ എൻ അനൂപാണ്. വിജയലക്ഷ്മിയുടെ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന അനൂപ് വിജയലക്ഷ്മിയെ തന്റെ ജീവിതസഖിയാക്കാൻ ക്ഷണിക്കുയായിരുന്നു. കലയെ സ്നേഹിക്കുന്ന വിജയലക്ഷ്മി അനൂപിന്റെ ക്ഷണത്തിന് സമ്മതം മൂളിയതോടെ ഇരുവരുടെയും വിവാഹത്തിന് കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

ഒക്ടോബർ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ചായിരിക്കും ഇരുവരും വിവാഹിതരാകുന്നത്. ഈ വരുന്ന തിങ്കളാഴ്ച വിജയലക്ഷ്മിയുടെ വസതിയിൽ വച്ച് വിവാഹ നിശ്ചയവും ഉണ്ടായിരിക്കും. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരയണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകൻ അനൂപാണ്  ജയലക്ഷ്മിയുടെ കഴുത്തിൽ താലിചാർത്താൻ എത്തുന്നത്.

‘സെല്ലുലോയിഡ്’ എന്ന ചിത്രത്തിലെ ”കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്” എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വിജയലക്ഷ്മി പിന്നീട് നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. സെല്ലുലോയിഡിലെ ഗാനത്തിന് സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം കരസ്ഥമാക്കിയ താരം ”ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ ..”എന്ന ഗാനത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടി. പിന്നീട് നിരവധി വേദികളിൽ സംഗീതത്തിന്റെ മാധുര്യവുമായി എത്തിയ വിജയലക്ഷ്മി മലയാള സിനിമയിലെ ഒഴിച്ച് കൂടാനാവാത്ത ഗായകരിൽ ഒരാളായി മാറി.