പരിമിതികളെ പാടി തോൽപ്പിച്ച് വൈശാഖ് എന്ന കൊച്ചുഗായകൻ…വീഡിയോ കാണാം

September 1, 2018

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ തരംഗമായ കൊച്ചുഗായകനെ കണ്ടെത്തിയതിന്റെ  സന്തോഷത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. വയറ്റത്തടിച്ച് വളരെ മനോഹരമായ രീതിയിൽ പാട്ടുപാടുന്ന കാഴ്ചയില്ലാത്ത ഒരു കൊച്ചുകുഞ്ഞിന്റെ വീഡിയോ ഏവരെയും കണ്ണീരിലാഴ്ത്തിയിരുന്നു. വളരെ മനോഹരമായ രീതിയിൽ ഗാനമാലപിക്കുന്ന ഈ കൊച്ചുമിടുക്കൻ ആരാണെന്ന് കണ്ടെത്താൻ  നിരവധി ആളുകളാണ് കഴിഞ്ഞ ദിവസം എത്തിയത്.

1997 ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിലെ ‘വാതിൽ തുറക്കൂ നീ കാലമേ’ എന്ന ക്രിസ്ത്യൻ ഭക്തി ഗാനം മലയാളികൾ ഇന്നും ഏറ്റുപാടാറുണ്ട്. കെ എസ് ചിത്ര ആലപിച്ച ഈ ഗാനവുമായാണ് ആ കൊച്ചുബാലൻ സോഷ്യൽ മീഡിയിൽ എത്തിയത്. ഇത്തരത്തിൽ നിരവധി ഗായകരെ കണ്ടെത്തിയിട്ടുള്ള സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ഈ കുഞ്ഞു ഗായകനെയും ഫേസ്ബുക്ക് സുഹൃത്തുക്കൾ കണ്ടെത്തിയിരിക്കുകയാണ്.

വൈശാഖ് പി കെ എന്നാണ് ഈ കുഞ്ഞു ഗായകന്റെ പേര്. കാസർഗോഡ് ജില്ലയിലെ ബളാൽ പഞ്ചായത്തിൽ ചെമ്പഞ്ചേരി ALP സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ് വൈശാഖ്.  വലത്തേക്കണ്ണിന് പൂർണ്ണമായും കാഴ്ചയില്ലാത്ത കുട്ടിയുടെ ഇടത്തെക്കണ്ണിനും കാഴ്ചക്കുറവുണ്ട്. വൈശാഖിന്റെ പിതാവ് രാഘവൻ ഹോട്ടൽ തൊഴിലായാണ്.

സോഷ്യൽ മീഡിയയിലൂടെ തരംഗമായ കൊച്ചുഗായകനെത്തേടി ഇപ്പോൾ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും വൈശാഖിന്റെ ബളാൽ ചെമേച്ചേരി പെരിയാട്ടു വീട്ടിൽ എത്തുകയാണ്. വൈശാഖിനും കുടുംബത്തിനും സഹായ ഹസ്തവുമായി ബളാൽ മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി എൽ കെ ബഷീറും, സുഹൃത്ത് ടിജോ കപ്പലുമാക്കലും രംഗത്തെത്തിയിട്ടുണ്ട്. ”വലിയ രീതിയിൽ സാമ്പത്തിക ഭദ്രതയില്ലാത്ത വൈശാഖിനും കുടുംബത്തിനും വേണ്ടി തങ്ങളാൽ കഴിയുന്ന രീതിയിലുള്ള സഹായങ്ങൾ നൽകുമെന്നും, മികച്ച രീതിയിൽ പാട്ടുപാടുന്ന ഈ കുരുന്ന് ബാലനെയും കുടുംബത്തെയും ലോകത്തിന് മുന്നിൽ എത്തിക്കുമെന്നും” എൽ കെ ബഷീർ ഫ്ലവെഴ്‌സ് ഓൺലൈനോട് പറഞ്ഞു.