‘അവളുടെ വാക്കുകൾ ആത്മവിശ്വാസം ഇരട്ടിയാക്കി’; പ്രിയപ്പെട്ട നയൻസിനെക്കുറിച്ച് വിഘ്നേഷ്

September 19, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് നയൻതാര. നയൻസിനെക്കുറിച്ചുള്ള വാർത്തകൾ എന്നും മലയാളത്തിനും തമിഴകത്തിനും ഏറെ ആവേശകരമാണ്. ഇപ്പോഴിതാ തന്റെ പ്രിയപെട്ടവളെക്കുറിച്ച് വാ തോരാതെ പറയുകയാണ് തമിഴകത്തിന്റെ പ്രിയപ്പെട്ട സംവിധായകനും നയൻസിന്റെ സുഹൃത്തുമായ വിഘ്നേഷ്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം നയൻതാര വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്.

നാനും റൗഡി താൻ എന്ന ചിത്രം ഇരുവരുടെയും ജീവിതത്തിൽ ചില സുപ്രധാന വഴിത്തിരിവുകൾ സൃഷ്ടിച്ചു.  നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഈ ചിത്രം വിഘ്‌നേഷിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് നയൻസും സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്.

ജീവിതത്തിൽ താൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാളാണ് നയൻതാര എന്നാണ് വിഘ്നേഷ് പറയുന്നത്.  ”ഞാനൊരു വിജയിച്ച സംവിധായകനല്ല. നാനും റൗഡി താൻ ചെയ്യുന്നതുവരെ പറയാൻ മാത്രം ഹിറ്റുകള്‍ ഒന്നും തന്നെ എന്റെ കരിയറിൽ ഉണ്ടായിരുന്നില്ല. ചിത്രത്തിൽ നായികയായി എത്തിയ നയൻതാരയെ മാഡം എന്നാണ് താൻ വിളിച്ചുകൊണ്ടിരുന്നത്. വലിയ ആർട്ടിസ്റ്റായിരുന്നതിനാൽ അവരോട് അഭിനയത്തെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകാൻ പോലും എനിക്ക് ഭയമായിരുന്നു”.

“നയൻതാര ഒരു സാധാരണ പെൺകുട്ടിയാണ്. അവരെ അടുത്തറിയാവുന്നവർക്കേ അത് മനസിലാകൂ. ഒരിക്കൽ നയൻ താര എന്നെ വിളിച്ച് പറഞ്ഞു. നീയൊരു സംവിധായകനാണ് നീ തലകീഴായി നിൽക്കാൻ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ അത് ചെയ്തേ പറ്റു. അവരുടെ ഈ വാക്കുകൾ എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഒരു വ്യക്തി എന്ന നിലയിലും ഒരു അഭിനേത്രി എന്ന നിലയിലും ഞാൻ ഏറെ ബഹുമാനിക്കുന്ന  ഒരാളാണ് നയൻതാര” വിഘ്നേഷ് പറഞ്ഞു.

ഇരുവരുടെയും കല്യാണത്തെക്കുറിച്ചും വിഘ്‌നേശിന് പറയാൻ ഉണ്ടായിരുന്നു.. എല്ലാവരെയും അറിയിച്ചുകൊണ്ട് കല്യാണം ഉണ്ടാകുമെന്നും എന്നാൽ ഉടനെ ഉണ്ടാകില്ല എന്നുമാണ് വിഘ്നേഷ് പറഞ്ഞത്. അതേസമയം വിഘ്‌നേഷിന്റെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി സുവർണ്ണ ക്ഷേത്രം സന്ദർശിച്ച ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.