‘ജെസിയെ ആദ്യമായി കാണുന്നത് വിവാഹനിശ്ചയത്തിന്റെ അന്ന്’; കല്ല്യാണക്കഥ പങ്കുവെച്ച് വിജയ് സേതുപതി

September 14, 2018

രസകരമായ കല്ല്യാണക്കഥ പങ്കുവെച്ചിരിക്കുകയാണ് ആരാധകരുടെ പ്രിയതാരം വിജയ് സേതുപതി. അനേകകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിജയ് സേതുപതിയുടെയും ജെസി എന്ന മലയാളി യുവതിയുടെയും വിവാഹം. മക്കള്‍ സെല്‍വന്‍ എന്ന പ്രേക്ഷകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന വിജയ് സേതുപതിയുടെ വിവാഹം ഇരുപത്തിമൂന്നാമത്തെ വയസ്സിലായിരുന്നു. സിനിമയില്‍ തിളങ്ങുന്നതിനു മുമ്പേ വിവാഹിതനായി അദ്ദേഹം. കഷ്ടപ്പാടിന്റെ കാലങ്ങളില്‍ പിന്തുണയും പ്രോത്സാഹനവും നല്‍കിയത് പ്രിയസഖി ജെസി.

അടുത്ത സുഹൃത്ത് വഴിയാണ് വിജയ് സേതുപതി ജെസിയെ പരിചയപ്പെടുന്നത്. കൊല്ലം സ്വദേശിനിയാണ് ജെസി. സിനിമയെന്ന വിജയ് സേതുപതിയുടെ സ്വപ്‌നത്തിനുവേണ്ടി പരാതികളും പരിഭവങ്ങളുമില്ലാതെ ജെസി സേതുപതിക്കൊപ്പം നിന്നു. പരസ്പരം കാണുന്നതിനു മുമ്പേ ജെസിയും സേതുപതിയും പ്രണയത്തിലായി. അക്കാലത്ത് ദുബായിലായിരുന്നു സേതുപതിയുടെ ജോലി. ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെയാണ് ഇരുവരും പരസ്പരം സംസാരിക്കുന്നതും പ്രണയത്തിലാകുന്നതും. പ്രണയകാര്യം വീട്ടിലറിഞ്ഞപ്പോള്‍ ആദ്യം എതിര്‍പ്പുകളായിരുന്നു. എന്നാല്‍ പിന്നീട് വീട്ടുകാരും വിവാഹത്തിന് സമ്മതം നല്‍കി. വിവാഹനിശ്ചയത്തിന്റെ അന്നാണ് വിജയ് സേതുപതി ജെസിയെ ആദ്യമായി നേരില്‍ കാണുന്നത്.

വിവാഹശേഷവും ഒരുപാട് കാലം നല്ല സിനിമകള്‍ കിട്ടാന്‍ കഷ്ടപ്പെടേണ്ടി വന്നു സേതുപതിക്ക്. എന്നാല്‍ എല്ലാ കഷ്ടപ്പാടിലും ഭാര്യ ജെസി സേതുപതിക്കൊപ്പം നിന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രസകരമായ തന്റെ കല്ല്യാണക്കഥ വിജയ് സേതുപതി പങ്കുവെച്ചത്. മണിരത്‌നം സംവിധാനം ചെയ്യുന്ന ‘റസൂല്‍’ എന്ന ചിത്രത്തില്‍ തികച്ചും വിത്യസ്തമായൊരു വേഷത്തിലെത്തുന്നുണ്ട് വിജയ് സേതുപതി.