ഈ ചുംബന ചിത്രങ്ങള്‍ പറയുന്നത് ചരിത്രവും കഥയും

September 6, 2018

സാമൂഹ്യമാധ്യമങ്ങില്‍ അടുത്തിടെ ഇടം പിടിച്ച രണ്ട് ചുംബന ചിത്രങ്ങളുണ്ട്. ഒന്ന് ചരിത്രം പറയുമ്പോള്‍ മറ്റൊന്ന് കഥ പറയുന്ന ചുംബന ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളുടെയും പശ്ചാത്തലം ഒന്നുതന്നെ. ഒരു തീവണ്ടിയുടെ എമര്‍ജന്‍സി വിന്‍ഡോ. എന്നാല്‍ ഈ രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള കാലാന്തരങ്ങള്‍ വളരെ വലുതാണ്. കാലാന്തരങ്ങള്‍ക്കുമപ്പുറമാണ് സ്‌നേഹത്തിന്റെ ആഴം എന്ന തോന്നല്‍ ജനിപ്പിക്കുന്നുണ്ട് ഈ. ഈ രണ്ട് ചുംബന ചിത്രങ്ങള്‍ തമ്മില്‍ മറ്റൊരു അന്തരം കൂടിയുണ്ട്. ഒരു ചിത്രം കഥ പറയുമ്പോള്‍ മറ്റൊന്ന് ചരിത്രം പറയുന്നു. ഒരു ചിത്രം കഥയ്ക്കായി മെനഞ്ഞെടുത്തതാണെങ്കിലും മറ്റൊന്ന് ചരിത്രത്തിന്റെ സൂക്ഷിപ്പാണ്.

ട്രെയിന്റെ എമര്‍ജന്‍സി വിന്‍ഡോയിലൂടെ ഒരു യാത്രയ്ക്ക് തൊട്ടുമുമ്പ് തന്റെ കാമുകനെ ചുംബിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഒരു ചിത്രം പറയുന്നത്. ‘ജലേബി: ദ് എവര്‍ലാസ്റ്റിങ് ടേസ്റ്റ് ഓഫ് ലവ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഈ ചിത്രം. റിയ ചക്രവര്‍ത്തിയും വരുണ്‍ മിത്രയുമാണ് പോസ്റ്ററിലെ കഥാപാത്രങ്ങള്‍. ട്രെയിനിലെ രണ്ട് യാത്രികര്‍ ഇവരെ തുറിച്ചുനോക്കുന്നതായും പോസ്റ്ററിലുണ്ട്. മനോഹരമായ ഒരു സിനിമയുടെ കഥാപ്രമേയമാണ് ഈ പോസ്റ്ററിന് പറയാനുള്ളത്.

ഇനി ചര്‍ച്ചയാകുന്ന രണ്ടാമത്തെ ചുംബനചിത്രം. 68 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ചരിത്രം പറയാനുണ്ട് ഈ ചിത്രത്തിന്. ബ്ലാക്ക് ആന്‍ഡ് വൈറ്റാണ് ഈ ചിത്രം. 1950 ല്‍ നൂറ്റിഅറുപതാം റെജിമെന്റിലെ ഒരു പട്ടാളക്കാരന്‍ തന്റെ ഭാര്യയ്ക്ക് നല്‍കുന്ന ചുംബന ചിത്രമാണിത്. പട്ടാളക്കാരനായ റോബര്‍ട്ട് മയെ കൊറിയന്‍ യുദ്ധത്തിനായി പോകുന്നതിനു മുമ്പ് ട്രെയിന്‍ വിന്‍ഡോയിലൂടെ തന്റെ തല പുറത്തേക്കിട്ട് ഭാര്യ ഗ്ലോറിക്ക് നല്‍കുന്ന വികാരനിര്‍ഭരമായ ചുംബനം. വീണുപോകാതിരിക്കാന്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ഇരു കാലുകളിലും പിടിച്ചിട്ടുണ്ട്. വിരഹത്തിന്റെയും യുദ്ധത്തിന്റെയുമൊക്കെ തീവ്രത ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ ചിത്രം. വാര്‍ ഫോട്ടോഗ്രഫിയില്‍ പ്രശസ്തനായ ലൊസാഞ്ചെല്‍സ് ടൈംസിലെ ഫ്രാങ്ക് ക്യൂ ആണ് ഈ വികാരനിര്‍ഭരമായ ചിത്രം തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. ‘കൊറിയന്‍ വാര്‍ ഗുഡ്‌ബൈ കിസ്സ്’ എന്നാണ് ഈ ഫോട്ടോ അറിയപ്പെടുന്നത്.

ജലേബി: ദ് എവര്‍ലാസ്റ്റിങ് ടേസ്റ്റ് ഓഫ് ലവ് എന്ന ചിത്രം നിര്‍മ്മിക്കുന്നത് മഹേഷ് ഭട്ട്- മുകേഷ് ഭട്ട് സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള വിശേഷ് ഫിലിംസ് ആണ്. ചിത്രത്തിന്റെ പോസ്റ്റര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മഹേഷ് ഭട്ട് ഒരു നിത്യഹരിത പ്രണയത്തിന്റെ കഥയാണിതെന്ന് കുറിക്കുകയും ചെയ്തു. പുഷ്പദീപ് ഭരദ്വരാജാണ് ജലേബിയുടെ സംവിധാനം. ഒക്ടോബര്‍ 12 ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.