വാട്‌സ്ആപ്പില്‍ പുതിയ രണ്ട് കിടിലന്‍ ഫീച്ചറുകള്‍ ഉടന്‍

September 17, 2018

പുതിയ രണ്ട് ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്. ഡാര്‍ക്ക് മോഡ്, സൈ്വപ്പ് റ്റു റിപ്ലേ എന്നീ ഫീച്ചറുകളാണ് പുതുതായി ഉള്‍പ്പെടുത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സൈ്വപ്പ് റ്റു റിപ്ലേ എന്ന ഫീച്ചര്‍ ഐഒഎസ് പതിപ്പുകളില്‍ ഇതിനോടകം തന്നെ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ സൗകര്യം ഉടന്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം. സൈ്വപ്പ് റ്റു റിപ്ലേ സൗകര്യം പ്രാബല്ല്യത്തിലാകുന്നതോടെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സന്ദേശങ്ങള്‍ക്ക് മുകളില്‍ വിരല്‍വെച്ച് വലത്തോട്ട് സൈ്വപ്പ് ചെയ്താല്‍ മതിയാകും.

ആപ്ലിക്കേഷന്റെ പശ്ചാത്തലം ഇരുണ്ട നിറത്തിലാക്കുന്ന സംവിധാനമാണ് ഡാര്‍ക്ക് മോഡ്. രാത്രിയില്‍ ഫോണില്‍ നിന്നുവരുന്ന പ്രകാശം കണ്ണുകളെ സാരമായി ബാധിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ പുതിയ സംവിധാനത്തിനാകും. നിലവില്‍ നിരവധി ആപ്ലിക്കേഷനുകളില്‍ ഡാര്‍ക്ക് മോഡ് സൗകര്യം ലഭ്യമാണ്. എന്നാല്‍ ഈ സൗകര്യം എപ്പോള്‍ മുതല്‍ ആരംഭിക്കും എന്നതിനെ സംബന്ധിച്ച് കമ്പനി വെളിപ്പെടുത്തലുകള്‍ ഒന്നും നടത്തിയിട്ടില്ല.