ഗാനം കൊണ്ടൊരു അര്‍ച്ചന; ബാലഭസ്കര്‍ ഈണം നല്കിയ പാട്ട് വയലിനില്‍ വായിച്ച് ബിജിബാല്‍
വയലിന് തന്ത്രികളില്‍ വിസ്മയം സൃഷ്ടിക്കുന്ന ബാലഭാസ്കറിന്റെ വിയോഗം കലാലോകം ഞൊട്ടലോടെയാണ് കേട്ടത്. മലയാളികളുടെ പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികളുമായി ലോകം മുഴുവനുമുള്ള മലയാളികള്‍ എത്തുമ്പോള്‍ ബാലു ബാക്കി വച്ച് പോയ ഒരുപാട് ഓര്‍മ്മകള്‍ മലയാളികളുടെ മനസ്സില്‍ ഉണങ്ങാത്ത വേദനയായി നിറഞ്ഞു നില്‍ക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ബാലുവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഏകമകളായ തേജസ്വിനി മരിച്ചിരുന്നു.
സംഗീതം ബാക്കിവെച്ച് ഓര്‍മ്മയായ ബാലഭാസ്ക്കറിന് ഗാനം കൊണ്ടൊരു സ്നേഹാര്‍ച്ചന നടത്തുകയാണ് അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ ബിജിബാല്‍. ബാലഭാസ്കര്‍ ഈണമിട്ട മനോഹരഗാനം കൊണ്ടുതന്നെയാണ് സുഹൃത്തിന്റെ അര്‍ച്ചന. ‘നിനക്കായ്’ എന്ന ആല്‍ബത്തിലെ ‘ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരു ഇഷ്ടം…’ എന്ന ഗാനം ബാലഭാസ്ക്കറിന് എന്നും പ്രീയപ്പെട്ട വയലിനില്തന്നെയാണ് ബിജിബാല്‍ വായിച്ചത്. ജയചന്ദ്രന്, സംഗീത എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനത്തിന്റെ ആലാപനം. ‘ബാലഭാസ്കര്‍, വിരിയിച്ച നാദങ്ങള്ക്ക് ഒരിതള്പ്പൂവ്’ എന്ന കുറിപ്പോടെയാണ് ബിജിബാല്‍ ഈ ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
മയ്യണിക്കണ്ണില് എന്നു തുടങ്ങുന്ന ഗാനം ഗായിക മഞ്ജരിയും നേരത്തെ ബാലഭാസ്കറിന് ആദരാഞ്ജലി അര്‍പ്പിച്ച് പാടിയിരുന്നു. ബാലഭാസ്കര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച മോക്ഷം, അവിടെനിന്നു തന്നെയാണ് മഞ്ജരിയുടെ സംഗീതജീവിതവും ആരംഭിക്കുന്നത്. പിന്നീട് ബാലഭാസ്കറിനൊപ്പം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ബാലഭാസ്കറിനെക്കുറിച്ചുള്ള ചെറിയൊരു ഓര്‍മ്മ പങ്കുവെച്ചതിന് ശേഷമാണ് അദ്ദേഹത്തിന് ആദരാഞ്ജലിയായി മഞ്ജരി ബാലഭാസ്കറിനൊപ്പമുള്ള തന്റെ സംഗീതജീവിതത്തിലെ ആദ്യ ഗാനം ആലപിച്ചത്.