‘യാത്രയിൽ താനെയായ്’ ബാലഭാസ്കർ തുടങ്ങിവെച്ച ഗാനം പൂർത്തിയാക്കി ബിജിപാലും ശ്വേതയും; വീഡിയോ

August 13, 2020

ഒരുപാട് സ്വപ്നങ്ങളും ഈണങ്ങളും ബാക്കിവെച്ചാണ് വയലിനിസ്റ്റ് ബാലഭാസ്കർ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. കേരളക്കരയെ മുഴുവൻ ഞെട്ടിച്ച ആ മരണത്തിന് ശേഷം അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച ‘വേളിക്ക് വെളുപ്പാൻകാലം’ എന്ന ചിത്രത്തിലെ ‘യാത്രയിൽ താനെയായ്’ എന്ന ഗാനത്തിന്റെ ഫീമെയിൽ വേർഷൻ പുറത്തിറക്കിയിരിക്കുകയാണ് ഒരു കൂട്ടം സംഗീത പ്രേമികൾ.

ഈ ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നതിനിടയിലായിരുന്നു ബാലഭാസ്കറിന്റെ അപ്രതീക്ഷിത വേർപാട്. സംഗീത സംവിധായകൻ ബിജിബാൽ ആണ് ബാലഭാസ്കറിന്റെ ഈ പാട്ട് പൂർത്തീകരിച്ചത്. അദ്ദേഹം പാടിയ ട്രാക്കുകളും പാട്ടിനെക്കുറിച്ച് നൽകിയ നിർദ്ദേശങ്ങളും അടിസ്ഥാനമാക്കിയാണ് ബിജിബാൽ ഇത് പൂർത്തിയാക്കിയത്. ബാലഭാസ്കറിന്റെ 42 ആം ജന്മദിനത്തോട് അനുബന്ധിച്ച് ഈ പാട്ടിന്റെ മെയിൽ വേർഷൻ പുറത്തിറക്കിയിരുന്നു. ഇത് പാടിയത് ഷിബി മനിയേരി ആയിരുന്നു.

ഇപ്പോഴിതാ ഈ ഗാനത്തിന്റെ ഫീമെയിൽ വേർഷൻ പുറത്തുവിട്ടിരിക്കുകയാണ് സംഗീത പ്രേമികൾ. ശ്വേതാ മോഹൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചലച്ചിത്ര താരം മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഈ ഗാനത്തിന് വരികൾ ഒരുക്കിയത് ജോയ് തമലം ആണ്.

അക്ഷയ് വർമ സംവിധാനം ചെയ്ത ‘വേളിക്കു വെളുപ്പാൻകാലം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ചിത്രത്തിൽ ബാലഭാസ്കറും അഭിനയിച്ചിരുന്നു. ചിത്രത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഡബ്ബിങ്ങും പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അതേസമയം അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് അന്വേഷണങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

Story Highlights: violinist balabhaskar last song sings shwetha mohan