ഇത് പ്രകൃതിയുടെ മാജിക്; മഹേഷിന്റെ പ്രതികാരത്തിൽ കേൾക്കാതെ പോയ ആ ഗാനത്തെക്കുറിച്ച് ബിജിബാൽ

July 7, 2020

ആർദ്രമായ സംഗീതത്തിൽ അലിഞ്ഞുചേരാത്തവരായി ആരുമുണ്ടാകില്ല. അതുകൊണ്ടുതന്നെയാകാം സംഗീതവും ജീവിതവും പരസ്പരം ഇഴചേർന്ന് നിൽക്കുന്നുവെന്ന് പറയുന്നതും…വരികളിലെ മനോഹാരിതയും ആലാപനത്തിലെ സൗന്ദര്യവുമൊക്കെ പാട്ടുകളെ ഹൃദയത്തോട് ചേർത്തുനിർത്താറുണ്ട്. ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ ചില ഗാനങ്ങൾ പിറന്നതിന് പിന്നിലുമുണ്ടാകാം മനോഹരമായ ചില കഥകൾ.

അത്തരത്തിൽ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലെ ‘മൗനങ്ങൾ’ എന്ന ഗാനം പിറന്നതിന് പിന്നിലെ അറിയാക്കഥ പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ബിജിബാൽ. ഈ ചിത്രത്തിനായി ആദ്യം മറ്റൊരു ഗാനമാണ് ബിജിബാൽ തയാറാക്കിയത്. ആ പാട്ട് ചെയ്ത് കഴിഞ്ഞ് എല്ലാവർക്കും ഇഷ്ടപ്പെട്ടു. എന്നാൽ എല്ലാ ജോലിയും പൂർത്തിയാകാറായപ്പോൾ ചിത്രത്തിന്റെ സംവിധായകൻ ദിലീഷ് ഈ പാട്ട് മാറ്റി കുറച്ചു കൂടി സോഫ്റ്റ് ആയ പാട്ടായാലോ എന്നഭിപ്രായപ്പെട്ടു. അങ്ങനെയാണ് മൗനങ്ങൾ എന്ന ഗാനം പിറന്നത്.

എന്നാൽ ഈ ചിത്രത്തിന്റെതന്നെ റീമേക്കിൽ ഇതിനായി ആദ്യം തയാറാക്കിയ ആ ഈണം ഉപയോഗിക്കാൻ പറ്റിയത് പ്രകൃതിയുടെ ഒരു മാജിക് ആണെന്ന് പറയുകയാണ് സംഗീത സംവിധായകൻ ബിജിബാൽ.

Read also: കളിച്ച് ചിരിച്ച് സുശാന്ത്; നൊമ്പരമായി ദിൽ ബച്ചാരെ ട്രെയ്‌ലർ

ബിജിബാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

ഈ ഒരീണം ‘മഹേഷിന്റെ പ്രതികാര’ത്തിൽ “മൗനങ്ങൾ” എന്ന പാട്ടിന്റെ സ്ഥാനത്ത് ആദ്യം ചെയ്തതാണ്. പാട്ട് ചെയ്ത് കഴിഞ്ഞ് എല്ലാവർകും ഇഷ്ടപ്പെട്ടു. ഈ ഈണത്തിൽ ജിംസി എന്ന കഥാപാത്രത്തിന്റെ ദേഹത്ത് അപ്പൂപ്പൻ താടി വീഴുമ്പോൾ ചിത്രങ്ങൾ എടുക്കുന്ന രംഗത്ത് ബിജിഎം ആയി ഉപയോഗിച്ചത് നിങ്ങൾക്ക് കേൾക്കാം. എല്ലാ ജോലിയും പൂർത്തിയാകാറായപ്പോൾ ദിലീഷ് ഈ പാട്ട് മാറ്റി കുറച്ചു കൂടി സോഫ്റ്റ് ആയ പാട്ടായാലോ എന്നഭിപ്രായപ്പെട്ടു. അങ്ങനെ “മൗനങ്ങൾ” ഉണ്ടായി. ഈ ഈണം പക്ഷെ എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ഇത് അതേ ചിത്രത്തിന്റെ റീമേക്കിൽ അതേ സാഹചര്യത്തിൽ ഉപയോഗിക്കാൻ ആയത് പ്രകൃതിയുടെ ഒരു മാജിക് ആണ്. അല്ലേ..?