‘ജൂനിയര്‍ ആര്‍ടിസ്റ്റാവാന്‍ പോലും ചാന്‍സ് കിട്ടാതിരുന്ന ഒരു കാലമുണ്ടായിരുന്നു’ ഓര്‍മ്മകള്‍ പങ്കുവെച്ച് വിജയ് സേതുപതി

October 4, 2018

തമിഴകത്ത് മാത്രമല്ല മലയാളികള്‍ക്കിടയില്‍പോലും നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ‘മക്കള്‍ സെല്‍വന്‍’ എന്നാണ് തമിഴകത്തെ ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നതു പോലും. ’96’ ആണ് വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം.

ഒരുകാലത്ത് ജൂനിയര്‍ ആര്‍ടിസ്റ്റായിപോലും സിനിമയില്‍ അവസരം ലഭിച്ചിരുന്നില്ലെന്ന് ഓര്‍ത്തെടുക്കയാണ് താരം. താരമാകാനല്ല മികച്ച ഒരു അഭിനേതാവാകാനാണ് തന്റെ ശ്രമമെന്നും വിജയ് പറഞ്ഞു. ഒരു സാധാരണക്കാരനില്‍ നിന്നും ഈ നിലവരെ എത്തിയത് തികച്ചും അവിശ്വസനീയമാണെന്നും വിത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് കൂടുതല്‍ ഇഷ്ടമെന്നും താരം പറഞ്ഞു.

’96’ എന്ന വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രം 1996 ലെ സ്‌കൂള്‍ പ്രണയം പശ്ചാത്തലമാക്കിയുള്ളതാണ്. കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ ഒരു ലുക്ക് 96 വയസ്സിലുള്ളതാണ്.ശക്തമായ തിരക്കഥയാണെന്നും ഇറങ്ങാനിരിക്കുന്ന ഒരു ചിത്രത്തെ കുറിച്ച് ആദ്യമായി ഉള്ളില്‍ ഭയം തോന്നുന്നെന്നും നേരത്തെ വിജയ് സേതുപതി പറഞ്ഞിരുന്നു. ഇതോടെ വെള്ളിത്തിരയില്‍ എന്ത് വിസ്മയമാണ് ഉണ്ടാകുക എന്നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും ടീസറുകള്‍ക്കുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്. നന്ദഗോപാലാണ്. ചിത്രം ഇന്ന് തിയേറ്ററുകില്‍ എത്തുമ്പോള്‍ വാനോളം പ്രതീക്ഷയുമായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.