വൈറലായി ജഡേജയുടെ സെഞ്ചുറി ആഘോഷം; വീഡിയോ കാണാം

October 6, 2018

നവമാധ്യമങ്ങളില്‍ തരംഗമാവുകയാണ് വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ജഡേജയുടെ ആഘോഷം. ടെസ്റ്റ് ക്രിക്കറ്റിലെ ജഡേജയുടെ ആദ്യ സെഞ്ചുറിക്കാണ് താരത്തിന്റെ സ്വന്തം തട്ടകമായ രാജ്‌കോട്ട് ഇന്നലെ സാക്ഷിയായത്. മുപ്പത്തിയേഴ് ടെസ്റ്റ് ക്രിക്കറ്റുകള്‍ കളിച്ചിട്ടുള്ള താരം തന്റെ ആദ്യ സെഞ്ചുറി ആഘോഷമാക്കി.

ബാറ്റു കറക്കിയും വീശിയും ആകാശം നേക്കി നിറഞ്ഞു പുഞ്ചിരിച്ചുമെല്ലാമാണ് ജഡേജ തന്റെ ആദ്യ സെഞ്ചുറി ആഘോഷിച്ചത്. താരത്തിന്റെ സെഞ്ചുറി ആഘോഷത്തിന്റെ നിരവധി വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ആദ്യ സെഞ്ചുറിക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിക്കേണ്ടിവന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് ജഡേജ. ആദ്യ ടെസ്റ്റ് സെഞ്ചുറിക്കായി 150 ഇന്നിംഗ്‌സ് കളിക്കേണ്ടിവന്ന അനില്‍ കുംബ്ലെയും 121 ഇന്നിംഗ്‌സ് കളിച്ചിട്ടുള്ള ഹര്‍ഭജന്‍ സിംഗുമാണ് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിക്കായി ഏറെ കാത്തിരുന്ന മറ്റ് താരങ്ങള്‍.

മത്സരത്തില്‍ 649ന് ഒന്‍പത്എന്ന നിലയില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സ്ഡിക്ലെയര്‍ ചെയ്യുകയായിരുന്നു. ജഡേജ കളിയില്‍ പുറത്താകാതെ 100 റണ്‍സ് കരസ്ഥമാക്കി.132 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും സഹിതമാണ് ജഡേജ സെഞ്ച്വറി തികച്ചത്. ജഡേജ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ജഡേജയ്ക്കുപുറമെ, ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റംകുറിച്ച പൃത്വി ഷായും നായകന്‍ കൊഹ്‌ലിയും സെഞ്ചുറി നേടിയിരുന്നു.

രണ്ടാം ദിനത്തില്‍ സെഞ്ചുറി നേടിയ വീരാട് കൊഹ്‌ലിയും 92 റണ്‍സ് നേടിയ റിഷഭ് പന്തും 86 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയും കളിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.അശ്വിന്‍ ഏഴും കുല്‍ദീപ് യാദവ് 12ഉം ഉമേശ് യാദവ് 22ഉം റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് ഷമ്മി രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നാല് വിക്കറ്റെടുത്ത ബിഷുവാണ് വിന്‍ഡീസിനായി ഏറ്റവും അധികം വിക്കറ്റെടുത്തത്. ലെവിസ് രണ്ടും ഗാബ്രിയേല്‍, ചേസ്, ബ്രാത്ത് വൈത്ത് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ആദ്യ ദിനത്തില്‍നാല് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സ് ഇന്ത്യ നേടിയിരുന്നു. ആദ്യദിനം കളി അവസാനിച്ചപ്പോള്‍ വിരാട് കോഹ് ലിയും രഹാനയുമായിരുന്നു ക്രീസില്‍. 92 പന്തില്‍ 41 റണ്‍സെടുത്ത് രഹാന പുറത്തായി. ഇന്ന് ഋഷഭ് പന്തും കോഹ്‌ലിയുമാണ് പോരാട്ടത്തിനിറങ്ങിയത്. രണ്ടാം ദിനത്തിലെ ഏഴാം ഓവറില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 400 കടത്തിയിരുന്നു.