കേരളത്തിന്റെ റാണിയായി പ്രതിപ സായി
മിസ് കേരള സൗന്ദര്യ മത്സരത്തിലെ വിജയിയായി പ്രതിപ സായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ ഇന്നലെ സംഘടിപ്പിച്ച മത്സരത്തിൽ നിന്ന് അഴകിന്റെയും അറിവിന്റെയും റാണിയായി വിധികർത്താക്കൾ പ്രതിപയെ തിരഞ്ഞെടുക്കുകയായിരുന്നു. മിസ് കേരളയ്ക്കായി മാറ്റുരച്ച 22 സുന്ദരികളെ പിന്തള്ളിയാണ് പ്രതിപ സായി തിരഞ്ഞെടുക്കപ്പെട്ടത്.
പാലക്കാട് സ്വദേശി വിപിത വിജയനാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് മുംബൈ സ്വദേശിനി ഹരിതാ നായരാണ്. കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി എത്തിയ നിരവധി സുന്ദരികളെ പിന്തള്ളിയാണ് കൊച്ചി സ്വദേശിനി പ്രതിപ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഫാഷൻ ലോകത്തെ പുതിയ ട്രെൻഡുകളും പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളുമടക്കം നിരവധി രീതിയിലുള്ള വസ്ത്രങ്ങളുമായാണ് സുന്ദരികൾ റാംപിൽ എത്തിയത്. വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് ഫാഷൻ സിസെൻ രംഗത്തെ പ്രമുഖരാണ്.
മത്സരത്തിൽ മാറ്റുരയ്ക്കുന്നതിനായി ഡോക്ടറുമാരും ഫാഷൻ ഡിസൈനേഴ്സും എഞ്ചിനീയർമാരുമടക്കം നിരവധി മേഖലയിൽ നിന്നുള്ളവരാണ് വേദിയിൽ എത്തിയത്. ചലച്ചിത്ര സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരാണ് വിധികർത്താക്കളായി വേദിയിൽ എത്തിയത്. ഇമ്പ്രസാരിയോ ഗ്രൂപ്പാണ് മത്സരം സംഘടിപ്പിച്ചത്.