മനോഹരം ഈ ഗാനം; കൈയടിച്ച് സോഷ്യല്‍ മീഡിയ

October 19, 2018

മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്ത ഗാനമാണ് ‘ജീവാംശമായ് താനെ…’ എന്നു തുടങ്ങുന്ന പാട്ട്. മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് നായകനായെത്തിയ ‘തീവണ്ടി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ പ്രേക്ഷകര്‍ ഗാനം ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും തരംഗമാവുകയാണ് ഈ ഗാനം.

ശാന്ത ബാബു എന്ന യുവതി പാടിയ ‘ജീവാംശമായ്…’ ഗാനത്തിനാണ് സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞു കൈയടിക്കുന്നത്. നിരവധി പേരാണ് ശാന്തയുടെ ഗാനം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. ‘തീവണ്ടി’ എന്ന സിനിമയുടെ സംഗീത സംവിധായകന്‍ കൈലാസ് മേനോനും ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ശാന്തയുടെ ആലാപനത്തിന് ലഭിക്കുന്നത്.

നവാഗതനായ ഫെല്ലിനി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് തീവണ്ടി. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. ടൊവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടൊവിനോയുടെ നായികയായി വേഷമിടുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടൊവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്. തീവണ്ടിയിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.