സംസ്ഥാന സ്കൂള്‍ കായിക മേള; ആദ്യ സ്വര്‍ണ്ണം നേടി തിരുവനന്തപുരം
സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു. അറുപത്തിരണ്ടാമത് സംസ്ഥാന കായിക മേളയില്‍ പങ്കെടുക്കാന്‍ നിരവധി താരങ്ങളാണ് എത്തിച്ചേര്‍ന്നത്. കേരളത്തിലെ മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങള്‍ രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്.ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങള്‍.
കായികമേളയിലെ ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരം ജില്ലയിലെ സല്മാന് ഫറൂഖ് കരസ്ഥമാക്കി. മൂവായിരം മീറ്റര്‍ ഓട്ടത്തിലാണ് താരത്തിന് സ്വര്‍ണ്ണം ലഭിച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെ ജാവ്ലിന് ത്രോയില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച് എസ് എസിലെ അഞ്ജലി വി ഡിയും സ്വര്‍ണ്ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ മലപ്പുറം കാടകശേരി എച്ച് എസ് എസിലെ പ്രഭാവതി പി എസാണ് സ്വര്‍ണ്ണം നേടിയത്.
മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ചയാണ്സമാപിക്കുന്നത്. രാവിലെ ഏഴു മണിക്ക് അണ്ടര്‍ 17 ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തോടെയാണ് മീറ്റ് ആരംഭിച്ചത്. 2,200 താരങ്ങള്‍ മാറ്റുരയ്ക്കുന്ന മീറ്റിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂത്ത് ഒളിംപിക്സില്‍ മത്സരിച്ച ജെ.വിഷ്ണുപ്രിയ മുഖ്യാതിഥിയാകും. സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസിലും ജില്ലകളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്മാരായി നിലകൊള്ളുന്നത്.