‘ഒടിയനൊ’പ്പം സെൽഫിയെടുക്കാൻ അവസരം; സിനിമ ചരിത്രത്തിൽ ഇതാദ്യസംഭവമെന്ന് ഒടിയൻ ടീം..

October 21, 2018

സംവിധായകൻ വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഒടിയൻ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയോടെ റിലീസിനെത്താൻ ഉദ്ദേശിക്കുന്ന ഒടിയൻ തിയേറ്ററുകളിലെത്തുന്നതിന് മുമ്പായി പുതിയ പ്രമോഷൻ തന്ത്രവുമായി എത്തിയിരിക്കുകയാണ് ഒടിയന്റെ അണിയറ പ്രവർത്തകർ..മോഹൻലാലിൻറെ ഒടിയൻ ലുക്കിലുള്ള പ്രതിമ റിലീസിംഗ് കേന്ദ്രങ്ങളിൽ സ്ഥാപിച്ചുകൊണ്ടാണ് ഒടിയൻ ടീം രംഗത്തെത്തിയത്.

കൊച്ചി ലുലു മാളിലുള്ള പി വി ആറിൽ മോഹൻലാലാണ് പ്രതിമ അനാവരണം ചെയ്തത്. മോഹൻലാലിൻറെ അതെ വലിപ്പത്തിലുള്ളതാണ് പ്രതിമ.ഈ പ്രതിമയ്‌ക്കൊപ്പം നിന്നുകൊണ്ട് സെൽഫി എടുക്കാനുള്ള അവസരവും ലഭ്യമാണ്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഇതുപോലൊരു പ്രൊമോഷൻ പരിപാടി ആദ്യമായാണെന്ന് ഒടിയൻ ടീം വ്യക്തമാക്കി.

ചിത്രത്തിൽ ഒടിയൻ വിദ്യകൾക്കൊപ്പം മോഹൻലാലിൻറെ ഗാനവും ഉണ്ടായിരിക്കുമെന്നാണ് സംവിധായകൻ പറയുന്നത്. നാടൻ പാട്ടിന്റെ രീതിയിലുള്ള ഒരു മെലഡിയായിരിക്കും മോഹന്‍ലാലിന്റെ ഗാനമെന്നും ചിത്രത്തിലെ പാട്ടുകളെല്ലാം മണ്ണിന്റെ മണമുള്ളവയാണെന്നും സംവിധായകന്‍ പറഞ്ഞു.

മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ ചിത്രത്തിൽ മഞ്ജു വാര്യർ,സിദ്ദിഖ്,നരേൻ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിലെത്തുന്നു. മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടി വിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കിയാണ് ഒടിയൻ ഒരുങ്ങുന്നത്. 1960 -70 കാലഘട്ടങ്ങളാണ് ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ ചിത്രം റിലീസിന് മുമ്പേ റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന ഹിന്ദി ഡബ്ബിങ് – സാറ്റലൈറ്റ് റൈറ്റ്‌സാണ് ഒടിയന്‍ കരസ്ഥമാക്കിയിരിക്കുന്നത്. 3 കോടി 25 ലക്ഷം രൂപയാണ് ഹിന്ദി ഡബ്ബിങ് സാറ്റലൈറ്റ് റൈറ്റ്‌സ് ആയി ഒടിയന്‍ നേടിയത്. അതേസമയം ചിത്രത്തിന്റെ മേക്കിങ് വീഡിയോ സംവിധായകൻ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ‘ഈ ശക്തിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എത്ര വലിയ പ്രതിസന്ധികൾ നേരിട്ടാലും ഒടിയൻ ചിത്രത്തിന് വേണ്ടി കഠിനപ്രയത്നം നടത്തുന്ന ഇവരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു’ മേക്കിങ് വീഡിയോ പുറത്തുവിട്ടുകൊണ്ട് ശ്രീകുമാർ മേനോൻ പറഞ്ഞു