ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയായി ദീപിക; ചിത്രം ഉടൻ

October 5, 2018

മേഘ്ന ഗുല്‍സാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി ബോളിവുഡ് താരം ദീപിക പദുക്കോൻ എത്തുന്നു. ആസിഡ് ആക്രമണത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം സിനിമയാകുമ്പോൾ  ചിത്രത്തില്‍ ലക്ഷ്മിയായെത്തുന്നത്  ദീപികയാണ്. 15 ആം വയസ്സിലാണ് ലക്ഷ്മിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കും നിരവധി ശസ്ത്രക്രിയകൾക്കും ശേഷമാണ് ലക്ഷ്മി ജീവിതം കരയ്ക്കടുപ്പിച്ചത്.

മനക്കരുത്തുകൊണ്ട് ജീവിതം തിരിച്ചു പിടിച്ച ഈ വനിത ആസിഡ് ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ധീരവനിത ഉൾപ്പെടെയുള്ള നിരവധി  അവാർഡുകൾ കരസ്ഥമാക്കിയ ലക്ഷ്മി ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

അതേസമയം ലക്ഷ്മിയുടെ ജീവിതം പറയുന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ തനിക്ക് വളരെയധികം സന്തോഷം ഉണ്ടെന്നും, ലക്ഷ്മിയുടെ ജീവിതം തന്നെ വളരെയധികം സ്പർശിച്ചുവെന്നും ദീപിക പറഞ്ഞു. അതിക്രമത്തിന്റെ കഥ എന്നതിനേക്കാള്‍ ധൈര്യത്തിന്റെയും വിജയത്തിന്റെയും പ്രതീക്ഷയുടെയും കഥയാണിതെന്നും ദീപിക കൂട്ടിച്ചേർത്തു.

അതേസമയം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതിന് ശേഷം ദീപിക അഭിനയിക്കുന്ന ഹിന്ദി സിനിമയാണ് മേഘ്ന ഗുല്‍സാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.