‘കളർഫുള്ളായി ഒരച്ഛനും മകനും’; മകനുമൊത്തുള്ള അഭിമാന നിമിഷങ്ങൾ പങ്കുവെച്ച് ജയസൂര്യ..

October 20, 2018

മികച്ച അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ജയസൂര്യ. എന്നാൽ ഈ അച്ഛന്റെ മകൻ ചെറുപ്രായത്തിൽ തന്നെ നിരവധി ആരാധകരെ നേടിയെടുത്തിരിക്കുകയാണ്. ഹ്രസ്വ ചിത്രങ്ങൾ ചിത്രീകരിച്ചും അഭിനയിച്ചും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ജയസൂര്യയുടെ മകൻ അദ്വൈതിന്റെ പുതിയ വിശേഷങ്ങളാണ് ജയസൂര്യ പങ്കുവെക്കുന്നത്.

ഒർലാൻഡോ ചലച്ചത്രമേളയുടെ വേദിയിൽ നിന്നാണ് ജയസൂര്യയുടെ കുറിപ്പ്. മകന്റെ വിജയങ്ങൾക്ക് സാക്ഷിയാകാൻ സാധിച്ചതിലുള്ള തന്റെ സന്തോഷമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. ഒർലാൻഡോ ചലച്ചത്രമേള മകൻ അദ്വൈതിന്റെ കളർഫുൾ ഹാൻഡ്സ് എന്ന ചിത്രവും പ്രദർശിപ്പിച്ചിരുന്നു. മേളയില്‍ പ്രദർശനത്തിന്റെ ഭാഗമായി എത്തിയ ഏക ഇന്ത്യക്കാരനും പ്രായം കുറഞ്ഞ സംവിധായകനും അദ്വൈത് ആയിരുന്നു. നിറഞ്ഞ കയ്യടികളോടെ മകനെ സ്വീകരിച്ച വേദിയിലെ മനോഹര നിമിഷങ്ങളെക്കുറിച്ചാണ് ജയസൂര്യ തെന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ചത്.

“മാതാപിതാക്കൾ എന്നതിൽ മകന്റെ വിജയത്തിൽ ഏറെ അഭിമാനം തോന്നുന്നു. ഇത് അദ്വൈതിന്റെ രണ്ടാമത്തെ ഷോർട് ഫിലിമാണ്. ആറു മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ഒരു ജീവിതകാലം മുഴുവൻ ഓർമിക്കുവാനുള്ള കാര്യങ്ങളാണ് പറയുന്നത്. തന്റെ ആദ്യ ചിത്രം സ്‌ക്രീനിൽ കണ്ടപ്പോഴുള്ള അതെ വികാരം തന്നെയായിരുന്നു ഈ ചിത്രം കണ്ടപ്പോഴും.” ജയസൂര്യ കുറിച്ചു.

കളര്‍ഫുള്‍ ഹാന്‍ഡ്‌സ് എന്ന അദ്വൈതിന്റെ ഹ്രസ്വ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അദ്വൈത് തന്നെയാണ് കഥ എഴുതിയതും എഡിറ്റ് ചെയ്തതുമെല്ലാം. ഷോര്‍ട്ട്ഫിലിമിലെ പ്രധാന കഥാപാത്രവും അദ്വൈത് തന്നെയാണ്. അദ്വൈതിനു പുറമെ അര്‍ജുന്‍ മനോജ്, മിഹിര്‍ മാധവ്, അനന്‍ അന്‍സാദ്, അരുണ്‍ വെഞ്ഞാറമ്മൂട് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്.