അജിത്തിന്റെ പരിശീലനം ഫലം കണ്ടു; എംഐടി ദക്ഷ ടീമിന് രണ്ടാം സ്ഥാനം
കുറച്ചുനാളുകള്‍ക്ക് മുമ്പ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു ചെന്നൈ എംഐടി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന തമിഴകത്തെ സുപ്പര്സ്റ്റാര് തല അജിത്തിന്റെ ചിത്രങ്ങള്‍. എംഐടി അധികൃതര്‍ അജിത്തിനെ ആയിരുന്നു അവരുടെ ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റായും യുഎവി സിസ്റ്റം അഡൈ്വസറായും നിയോഗിച്ചത്. എന്തായാലും അജിത്തിന്റെ പരിശീലനം ഫലം കണ്ടു. ആസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ നടന്ന മെഡിക്കല്‍ എക്സ്പ്രസ് 2018 ന്റെ യുഎവി ചലഞ്ചില്‍ എംഐടി ദക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
എയ്റോ മോഡലിങ്ങില്‍ താല്പര്യമുള്ള തലയെ എംഐടിയുടെ ദക്ഷാ ടീമിലേക്ക് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് അധികൃതര്‍ തിരഞ്ഞെടുക്കുകയായിരുന്നു. ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റ്, യുഎവി സിസ്റ്റം അഡ്വൈസര്‍ തുടങ്ങിയ പദവികളാണ് താരത്തിന് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഓരോ തവണ വരുന്നതിനും 1000 രൂപ ശമ്പളം നല്‍കുന്നതിനും അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ പണം എംഐടിയിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് നല്കി വീണ്ടും മാതൃകയായി തമിഴ് സിനിമയുടെ തല അജിത്.
ഒരു ഡ്രോണ്‍ ഏകദേശം 30 കിലോമീറ്ററോളം പറന്ന് ഉള്‍പ്രദേശങ്ങളിലോ മറ്റെന്തെങ്കിലും സാഹചര്യത്തിലോ കുടുങ്ങിക്കിടക്കുന്ന രോഗിയുടെ ബ്ലഡ്ഡ് സാമ്പിള്‍ കളക്ട് ചെയ്തുകൊണ്ടുവരണം ഇതാണ് ചലഞ്ചില്‍ മത്സരിക്കുന്ന ടീമുകള്‍ക്ക് നല്കുന്ന ടാസ്ക്ക്. ഇത്തരത്തിലുള്ള ഡ്രോണുകളാണ് അജിത്തിന്റെ നേതൃത്വത്തിലുള്ള ടീം നിര്‍മ്മിച്ചത്.