കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി തല അജിത്

May 14, 2021
Thala Ajith donates 25 lakh to Relief Fund for the battle against Coronavirus

കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ് രാജ്യത്ത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നുകൊണ്ട് രംഗത്തെത്തുന്നവരും നിരവധിയാണ്. ചലച്ചിത്രതാരങ്ങളും കായിക താരങ്ങളുമടക്കം വിവിധ മേഖലകളിലുള്ളവര്‍ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിക്കൊണ്ട് രംഗത്തെത്തുന്നുണ്ട്. ചലച്ചിത്ര താരം തല അജിത്തും കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

25 ലക്ഷം രൂപയാണ് താരം സംഭാവനയായി നല്‍കിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരത്തിന്റെ സംഭാവന. നിരവധിപ്പേരാണ് അജിത്തിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വലിമൈ ആണ് ഇനി അജിത്തിന്റേതായി പ്രേക്ഷകരിലേക്കെത്താനിരിക്കുന്ന സിനിമ.

അതേസമയം കഴിഞ്ഞ ഒരു ദിവസത്തിനിടെ 3.43 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ നാലായിരം കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

രാജ്യത്താകെ ഇതുവരെ 2,40,46,809 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,00,79,599 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 37,04,893 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ട്. 2,62,317 പേര്‍ക്കാണ് രാജ്യത്താകെ കൊവിഡ് മൂലം ഇതുവരെ ജീവന്‍ നഷ്ടമായത്.

Story highlights: Thala Ajith donates 25 lakh to Relief Fund for the battle against Coronavirus