വിവാഹം ബാലികാ സദനത്തിലെ മക്കൾക്കൊപ്പം; മാതൃകയായി സംവിധായകന്റെ മകൾ..

October 22, 2018

‘ജൂനിയർ മാൻട്രേയ്ക്ക്’, ‘മാമലകൾക്കപ്പുറത്ത്’, ‘കുടുംബ വാർത്തകൾ’  തുടങ്ങി ഇരുപതിലധികം ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചലച്ചിത്ര സംവിധായകൻ അക്ബർ അലിയുടെ മകൾ അലീന അക്ബർ അലി വിവാഹിതയായി. കഴിഞ്ഞ ദിവസം കോഴിക്കോടിലെ ബാലികാ സദനത്തിൽ വച്ച് വളരെ ലളിത രീതിയിലായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശി രജനീഷാണ് വരൻ.

സവിധായകൻ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. വിശ്വാസങ്ങളെ മുറുകെ പിടിച്ചുകൊണ്ട് വളരെ ലളിതമായി മാതാപിതാക്കളുടെയും വളരെ അടുത്ത ബന്ധുക്കളുടെയും അനുഗ്രഹത്തോടെയാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. വിവാഹ വസ്ത്രങ്ങളോ ആടയാഭരണങ്ങളോ ഒന്നുമില്ലാതെ സാധാരണ വേഷത്തിലായിരുന്നു ബാലസദനത്തിലെ കുട്ടികൾ ഒരുക്കിയ കതിർ മണ്ഡപത്തിൽ വധു വരന്മാർ എത്തിയത്.

ബാലികാ സദനത്തിലെ കുട്ടികളുടെ ഗായത്രിമന്ത്രത്തിലും ബന്ധുക്കളുടെ ആരതി ഉഴിച്ചിലിലും ഒതുങ്ങി നിന്നു വിവാഹത്തിന്റെ കർമ്മങ്ങൾ. ബാലികാ സദനത്തിലെ കുട്ടികളുടെ വകയായി കലാപരിപാടികളും വിവാഹ വേദിയിൽ അരങ്ങേറി.