വയലിനിസ്റ്റ് ബാലഭാസ്കര്‍ അന്തരിച്ചു; കണ്ണീരോടെ സംഗീത ലോകം..

October 2, 2018

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ അന്തരിച്ചു. വാഹനാപകടത്തെത്തുടർന്ന്  അദ്ദേഹം ചികിത്സയിലായിരുന്നു. ബാലഭാസ്കറിന്‍റെ ആരോഗ്യ നിലയിൽ ഇന്നലെ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതാണ് മരണ കാരണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽ പെട്ടത്. ബാലഭാസ്കർ കുടുംബത്തിനൊപ്പം  ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.

ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകടത്തിൽ മരിച്ചിരുന്നു ബാലഭാസ്കറിനൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്.  പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വൈകുന്നേരത്തോടെ സംസ്കരിക്കും.

തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജങ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്. ബാലാഭാസ്‌കറും കൂടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.