പൃഥ്വി ഷായെ അഭിനന്ദിച്ച് വിന്‍ഡീസ് ഇതിഹാസവും

October 19, 2018

അരങ്ങേറ്റ ടെസ്റ്റില്‍ ആരാധകരെ അമ്പരപ്പിച്ച ക്രിക്കറ്റ് താരമാണ് പൃഥ്വി ഷാ. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍തന്നെ സെഞ്ചുറി നേടി എന്നു മാത്രമല്ല മാന്‍ ഓഫ് ദ് സീരീസും പൃഥ്വി ഷാ തന്നെയായിരുന്നു. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ പൃഥ്വി ഷായുടെ മിന്നും പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെയും വീരേന്ദ്ര സേവാഗിന്റെയും ബാറ്റിംഗ് ശൈലിയാണ് പൃഥ്വി ഷായ്ക്ക് ഉള്ളതെന്ന് ബ്രയാന്‍ ലാറ അഭിപ്രായപ്പെട്ടു. സച്ചിന്റെയും സേവാഗിന്റെയും ബാറ്റിംഗ് രീതിയുടെ മിശ്രിതശൈലിയിലാണ് ഷാ ബാറ്റിംഗ് ചെയ്യുന്നതെന്നും ലാറ പറഞ്ഞു.

പതിനെട്ട് വയസാണ് പൃഥ്വി ഷായുടെ പ്രായം. വലംകൈയന്‍ ബാറ്റ്‌സ്മാനാണ് പ്രത്വി ഷാ. ഷാ നന്നായി പന്ത് സ്‌ട്രൈക്ക് ചെയ്യുന്നു. തനിക്ക് പതിനെട്ട് വയസുള്ളപ്പോള്‍ പൃഥ്വി ഷായുടെ അത്ര ശക്തി ഇല്ലായിരുന്നുവെന്നും ക്രിക്കറ്റ്‌ലോകത്ത് വരുംദിനങ്ങള്‍ പൃഥ്വി ഷായുടേത് ആയിരിക്കുമെന്നും ബ്രയാന്‍ ലാറ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടി പൃഥ്വി ഷാ തന്റെ കരുത്ത് തെളിയിച്ചതോടെ ആത്മവിശ്വാസത്തോടെയാണ്ഇന്ത്യന്‍ ടീം യുവതാരത്തെ നോക്കി കാണുന്നത്. രാജ്‌കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ടെസ്റ്റില്‍ 101 പന്തില്‍ നിന്നാണ് ഷാ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പതിനഞ്ച് ഫോറുകള്‍ ഉള്‍പ്പെട്ടതായിരുന്നു ഷായുടെ പ്രകടനം.

ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമാണ് പൃഥ്വിഷാ. ലോക ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഏഴാമത്തെ താരവുമാണ് പൃഥ്വി.