‘ചെക്ക ചിവന്ത വാനം’; ഒരു മണിരത്നം മാജിക്

October 1, 2018

മികവാർന്ന പ്രകടനത്തിലൂടെ ആസ്വാദന നിലവാരത്തെ ഉയർത്തുന്ന ‘ചെക്ക ചിവന്ത വാനം’ രണ്ടര മണിക്കൂർ പ്രേക്ഷകനെ തിയേറ്ററുകളിൽ പിടിച്ചിരുത്തുമെന്നതിൽ സംശയമില്ല.. ഗ്യാങ്‌സ്റ്റർ കഥ പറയുന്ന ചിത്രത്തിൽ പതിവ് ശൈലികൾ ആവർത്തിക്കപ്പെടാതിരുന്നത് സിനിമയുടെ പുതുമ നിലനിർത്തി. വിജയ് സേതുപതിയുടെ ശബ്ദത്തിലുള്ള ആമുഖ വിവരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്…

ചെന്നൈ നഗരം ഭരിക്കുന്ന ഗ്യാങ്‌സ്റ്റർ ലീഡർ സേനാപതിയുടെയും അദ്ദേഹത്തിന്റെ മൂന്ന്  മക്കളുടെയും കഥപറയുന്ന ചിത്രമാണ് ‘ചെക്ക ചിവന്ത വാനം’. സേനാപതിയായി ചിത്രത്തിൽ  വേഷമിടുന്നത് പ്രകാശ് രാജാണ്. ഭാര്യയ്‌ക്കൊപ്പം അമ്പലത്തിൽ പോയിവരുന്ന സേനാപതി വഴിയിൽ വെച്ച് ആക്രമിക്കപെടുന്നതോടെ അടുത്ത സേനാപതി ആരാണ് എന്നുള്ള ചോദ്യം ഉയരുകയാണ്.

മൂത്ത മകനായ വരദരാജന്‍ (അരവിന്ദ് സ്വാമി) എന്ന വരദനാണ് സേനാപതിക്കൊപ്പം നിന്ന് ചെന്നൈയിലെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്. രണ്ടാമത്തെ മകൻ ത്യാഗരാജന്‍ (അരുൺ വിജയ്) എന്ന ത്യാഗു ദുബായിലും ഏറ്റവും ഇളയവനായ എത്തിരാജന്‍( ചിമ്പു ) എന്ന എത്തി സെര്‍ബിയയിലും ബിസിനസുമായി കഴിയുകയാണ്. സേനാപതിക്ക് ശേഷം ആരെന്നുള്ള ചോദ്യം അദ്ദേഹത്തിൻറെ ശത്രുക്കളെ പോലെ മക്കൾക്കിടയിലും ചോദ്യചിഹ്നമായി നിലനിന്നു.

പിതാവിനെതിരെ ഉണ്ടാകുന്ന വധശ്രമത്തെക്കുറിച്ചറിഞ്ഞ് മക്കൾ മൂവരും നാട്ടിൽ ഒന്നിക്കുന്നു. എന്നാൽ പിതാവിനെ കൊല്ലാൻ  നോക്കിയവരെ നശിപ്പിക്കാൻ ശ്രമിക്കുന്ന മക്കളുടെ ക്ളീഷേ ചിത്രത്തിൽ, നിന്നും കഥ മാറിയതോടെ പ്രേക്ഷകരിൽ ചിത്രം ആകാംഷയും അമ്പരപ്പും ജനിപ്പിച്ചു. ഇതോടെ മണിരത്നം- ശിവ ആനന്ദ് കൂട്ടുകെട്ടിൽ വിരിഞ്ഞ തിരക്കഥ പ്രേക്ഷകർ ഇരുകൈകളും നീട്ടി ഏറ്റെടുക്കുകയായിരുന്നു.

സേനാപതിക്ക് നേരെയുണ്ടായ വധശ്രമത്തിൽ എതിരാളിയായ ചിന്നപ്പ ദാസനിലേക്ക് പ്രേക്ഷകരുടെ കണ്ണുകൾ ആദ്യം തിരിഞ്ഞെങ്കിലും പിന്നീട് ഇതിന് പിന്നിൽ സേനാപതിയുടെ മൂന്ന് മക്കളിൽ ഒരാൾ ആണെന്ന് തിരിച്ചറിയുന്നതോടെ കഥ വേറെ വഴിത്തിരിവിലേക്കായി. എന്നാൽ “ആരാണ് നായകൻ.. ആരാണ് വില്ലൻ..” എന്ന് അവസാന അഞ്ച് മിനിറ്റ് വരെ വെളിപ്പെടുത്താതിരിക്കാൻ സിനിമയ്ക്കായതോടെ  സാധാരണ സിനിമകളിൽ കണ്ടു വരുന്ന നായകൻ വില്ലൻ സങ്കൽപ്പം ഇല്ലാതാവുകയായിരുന്നു.

ചിത്രത്തിന്റെ പരിസമാപ്തിയിൽ അപ്രതീക്ഷിതായി ഉണ്ടായ ട്വിസ്റ്റോടെയാണ് പ്രേക്ഷകർ തിയേറ്റർ വിട്ടിറങ്ങുന്നത്. പണത്തിനും പദവിക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർക്കൊപ്പം, കുടുംബ ബന്ധത്തിൻെറയും രക്തബന്ധത്തിന്റെയും  വില എടുത്ത് കാണിക്കാനും മണിരത്നം മറന്നില്ല.

സ്ത്രീകൾ ശക്തമായ കഥാപാത്രങ്ങളായി  ചിത്രത്തിൽ അവതരിക്കുമ്പോഴും പുരുഷൻ തന്നെയാണ് ഉയർന്നുനിൽക്കുന്നത്. ചിത്രത്തിൽ ജ്യോതിക, അതിഥി റാവു, ഐശ്വര്യാ രാജേഷ് തുടങ്ങിയവർ വേഷമിട്ടെങ്കിലും അഭിനയ മികവിൽ മുന്നിൽ നിൽക്കുന്നത് ജ്യോതിക തന്നെയാണ്. പോലീസുകാരനായി ചിത്രത്തിൽ വേഷമിടുന്ന വിജയ് സേതുപതി കഥാപാത്രം ചിത്രത്തിൽ ചിരിയും ചിന്തയും ഒരുപോലുണർത്തി. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ അപ്പാനി ശരത്തും ചിത്രത്തിൽ ചെറുതെങ്കിലും മോശമല്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വർഷങ്ങൾക്ക് ശേഷം മണിരത്നം, എ ആർ റഹ്മാൻ, വൈരമുത്തു കൂട്ടുകെട്ടിൽ പിറവിയെടുത്ത ഗാനങ്ങളും പ്രേക്ഷക ഹൃദയം കീഴടക്കി. ചിത്രത്തിലെ മറ്റ് ഗാനങ്ങളിൽ നിന്നും ഒരുപിടി മുന്നെയാണ്  ‘മഴൈകുരുവി’ എന്ന ഗാനം.   പ്രണയമാണ് ഗാനത്തിന്റെ മുഖ്യപ്രമേയം. ഗാനത്തിലുടനീളം പ്രണയാര്‍ദ്രഭാവങ്ങള്‍ തന്നെയാണ്. ഗാനത്തിലെ അരവിന്ദ് സ്വാമിയുടെ മനോഹരമായ പ്രണയഭാവം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി. റഹ്മാൻ മാജിക് പശ്ചാത്തല സംഗീതമായി ചിത്രത്തിലുടനീളം എത്തിയത് ‘ചെക്ക ചിവന്ത വാന’ത്തിന് കരുത്ത് കൂട്ടി. സന്തോഷ് ശിവന്റെ ക്യാമറ കണ്ണുകൾ പ്രേക്ഷകരിൽ വിഷ്വൽ ട്രീറ്റ്മെന്റുമായി എത്തിയതും ചിത്രത്തിനെ മികച്ചതാക്കി.
വെല്‍ബോര്‍ണ്‍ ഇന്റര്‍നാഷ്ണലാണ് കേരളത്തില്‍ ചിത്രത്തിന്റെ വിതരണക്കാര്‍.

അനു ജോർജ്