lakshya

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ചിലങ്കയണിഞ്ഞ് ഗായിക സിതാര; കൈയടിച്ച് കലാലോകം

October 15, 2018

‘ഈ ദിവസം ഇനിയെന്നും എനിക്ക് ഓര്‍ക്കാനുള്ളതാണ്. ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍ ഓര്‍ത്ത് ഉള്ളറിഞ്ഞ് സന്തോഷിക്കാനുള്ളതാണ്…’ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഗായിക സിതാര കൃഷ്ണകുമാര്‍ പങ്കുവെച്ച കുറിപ്പ് ആരംഭിക്കുന്നതിങ്ങനെ. സിതാരയ്ക്ക് മാത്രമല്ല മലയാളികള്‍ക്ക് ഒന്നടങ്കം ഉള്ളറിഞ്ഞ് സന്തോഷിക്കാന്‍ ഒന്നുണ്ട്; ഈ കുറിപ്പില്‍. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കാലില്‍ ചിലങ്കയണിഞ്ഞ് മനോഹരമായി നൃത്തം ചെയ്ത സിത്താര.

സാമൂഹ്യമാധ്യമങ്ങളും കലാലോകവുമെല്ലാം നിറഞ്ഞുകൈയടിക്കുകയാണ് സിതാരയ്ക്ക്. പാട്ടുപോലെ ഗായികയുടെ നൃത്തവും മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടി എന്നുതന്നെ വേണം പറയാന്‍. ശ്രീ ഗുരുഭ്യോ നമഃ എന്ന മ്യൂസിക് വീഡിയോയ്ക്കു വേണ്ടിയാണ് സിതാര വീണ്ടും ചിലങ്കയണിഞ്ഞ് ചുവടുകള്‍വെച്ചത്. ‘വിഘ്‌നേശം’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും സിതാര തന്നെ. മാതാപിതാക്കള്‍ക്കും ഗുരുക്കന്‍മാര്‍ക്കുമുള്ള സ്‌നേഹസമര്‍പ്പണമാണ് ഈ സംഗീത നൃത്ത ആല്‍ബം.

മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യരും സിതാരയെ അഭിനന്ദിച്ചുകൊണ്ട് നൃത്തം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

സിതാരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഈ ദിവസം ഇനിയെന്നും എനിക്ക് ഓര്‍ക്കാനുള്ളതാണ് , ഒറ്റയ്ക്കിരിക്കുമ്പോള്‍ ഓര്‍ത്ത് ഉള്ളറിഞ്ഞ് സന്തോഷിക്കാനുള്ളതാണ് !! ഈ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ നൃത്തം ചെയ്തതൊന്നും കണ്ണാടികള്‍ അല്ലാതെ മറ്റാരും കണ്ടിരുന്നില്ല !! മണിക്കൂറുകളോളം പരിശീലിച്ചിരുന്ന ഒരു വിദ്യ ഒരു ദിവസം നിര്‍ത്തുക എന്നത് എത്ര വലിയ വേദനയാണെന്ന് ഇടയ്ക്കിടെ എന്റെ മനസ്സും ,ശരീരവും ഒരുപോലെ അറിഞ്ഞിരുന്നു !!
നെറുകയില്‍ കൈകള്‍ അമര്‍ത്തിയ അന്നുമുതല്‍ ഈ നിമിഷം വരെ ധൈര്യം തന്ന് വെളിച്ചം തന്ന പ്രിയ ഗുരുക്കന്മാരോടുള്ള സ്‌നേഹമാണ് ,ഈ എളിയ ശ്രമം ! നാലുവയസുകാരിയെയും കൊണ്ട് മണിക്കൂറുകളോളം ബസ് യാത്ര ചെയ്ത് പാട്ടും ഡാന്‍സും പരിശീലിപ്പിക്കാന്‍ ഓടി നടക്കുമ്പോള്‍ പലപ്പോഴും ‘അമ്മ സമയത്തിന് ആഹാരം പോലും കഴിക്കാന്‍ മറന്നിരുന്നു , ഒരായുസ്സിന്റെ സമ്പാദ്യത്തിലത്രയും, അതിലധികവും മകളുടെ ആവശ്യങ്ങള്‍ക്കായി മാറ്റി വയ്ക്കുമ്പോള്‍ എന്റെ അച്ഛന്‍ അദ്ദേഹത്തിന് പ്രിയപ്പെട്ട പലതും ഉപേക്ഷിച്ചുകാണുമെന്ന് ഈ പ്രായത്തില്‍ എനിക്ക് എളുപ്പം ഊഹിക്കാം ! ശ്രീമതി കലാമണ്ഡലം വിനോദിനി ടീച്ചര്‍ ഒരായിരം തവണ വഴക്കു പറഞ്ഞുകാണും , അതിലേറെ ചേര്‍ത്ത് പിടിച്ചും ,ഇന്നും ആ പേര് കേള്‍ക്കുമ്പോള്‍ ,ശബ്ദം കേള്‍ക്കുമ്പോള്‍ സ്‌നേഹം കൊണ്ട് നെഞ്ചിടിപ്പേറും !! ഇന്നേറ്റവും സന്തോഷിക്കുന്ന മൂന്നുപേര്‍ ഇവര്‍ തന്നെ ആയിരിക്കും!!
പാലാ സി .കെ . രാമചന്ദ്രന്‍ മാസ്റ്റര്‍ , രാമനാട്ടുകര സതീശന്‍ മാസ്റ്റര്‍ , ഉസ്താദ് ഫൈയാസ് ഖാന്‍ , എല്ലാ ഗുരുക്കന്മാര്‍ക്കും പ്രണാമം ! എന്തിനും കൂട്ടായ എന്റെ മകള്‍ക്കും, മകളുടെ അച്ഛനും നിറച്ചും നിറച്ചും സ്‌നേഹം ! കൂട്ടുകാര്‍ക്ക് നന്ദി !
ഒരു പേരുകൂടി പറയേണ്ടതുണ്ട് ,വീണ്ടും നൃത്തം ചെയ്യാന്‍ ആഗ്രഹം വന്ന നേരം , പഠിപ്പിക്കാം എന്ന് വാക്കു തന്ന പ്രിയപ്പെട്ടവള്‍ക്ക് , മറ്റേതോ മനോഹരമായ ഇടത്തില്‍ നിന്നും അനുഗ്രഹിക്കുന്ന ആ ഗുരുവിന് , പ്രിയപ്പെട്ട ശാന്തിച്ചേച്ചിക്ക് , നിറച്ചും സ്‌നേഹം!
ഈ സ്തുതി പാടാന്‍ കാരണക്കാരായ Mithun Jayaraj, Binish Bhaskaran, Madhavan Kizhakoott , P RajeevGopal Bellikoth എന്നീ പ്രിയപ്പെട്ടവര്‍ക്കും നന്ദി !