സംവിധായകന്‍ സക്കറിയ മുഹമ്മദിന് മോഹന്‍ രാഘവന്‍ അവാര്‍ഡ്

October 23, 2018

മികച്ച സംവിധായകനുള്ള മോഹന്‍ രാഘവന്‍ അവാര്‍ഡ് സംവിധായകന്‍ സക്കറിയ മുഹമ്മദിന്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘സുഡാനി ഫ്രം നൈജീരിയ‘. സൗബിന്‍ സാഹിര്‍ നായകനായി എത്തിയ ആദ്യ മലയാള സിനിമയാണ് ഇത്. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന ചിത്രത്തിലെ സുഡു എന്ന കഥാപാത്രം മലയളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല.

കെ.ജി ജോര്‍ജ്, മോഹന്‍, ജോണ്‍ പോള്‍ എന്നിവരടങ്ങിയ ജൂറിയാണ് മോഹന്‍ രാഘവന്‍ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ സൂക്ഷ്മതയും കൃത്യതയും ആഖ്യാനത്തിലെ ലാളിത്യവുമെല്ലാം ജൂറി പ്രത്യേകം പരാമര്‍ശിച്ചു. ഈ വര്‍ഷം ഡിസംബറിലാണ് പുരസ്‌കാരം വിതരണം ചെയ്യുക.