ആറു പന്തിൽ ആറ് സിക്സ്, പന്ത്രണ്ട് പന്തിൽ അർധ സെഞ്ച്വറി; റെക്കോർഡ് കരസ്ഥമാക്കിയ പ്രകടനം കാണാം..

October 15, 2018

ഒരു ഓവറിലെ ആറു ബോളുകളും സിക്സറാക്കി പറത്തിയ അഫ്ഗാൻ ക്രിക്കറ്റ് താരം ഹസ്റത്തുല്ല സസായ്
രണ്ട് ഓവറിൽ  സൃഷ്ടിച്ചത് അർധ സെഞ്ച്വറി. അഫ്ഗാൻ പ്രീമിയർ ലീഗിലാണ് സസായ് റെക്കോർഡ് പ്രകടനം കാഴ്ചവെച്ചത്.  എ പി എല്ലിലെ മികച്ച പ്രകടനത്തിലൂടെ സസായ് ഇന്ത്യൻ താരം യുവരാജ് സിങ്, വിൻഡീസ് താരം ക്രിസ് ഗെയ്‍‌ൽ എന്നിവരുടെ പേരിലുള്ള ട്വന്റി20 റെക്കോർഡിനൊപ്പം സ്ഥാനം നേടി.

അഫ്ഗാൻ പ്രീമിയർ ലീഗിൽ കാബൂൾ സ്വാനന്റെ താരമായ സസായി, ബാൽഖ് ലെജൻഡ്സിനു വേണ്ടിയാണ് റെക്കോർഡ് പ്രകടനം കാഴ്ചവെച്ചത്.  പന്ത്രണ്ടാമത്തെ പന്തിലൂടെ തന്നെ അർധ സെഞ്ച്വറി കരസ്ഥമാക്കിയ സസായ് 17 പന്തിൽ ഏഴു സിക്സും നാലു ബൗണ്ടറിയും സഹിതം 62 റൺസെടുത്തു.

കളിയിൽ മികച്ച പ്രകടനം സസായി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ ഈ പ്രകടനവും മതിയായില്ല. കാബൂൾ സ്വാനന്, 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ബാൽഖ് ലെ‍ജൻഡ്സിന് 21 റൺസ് ജയം.

അതേസമയം സർ ഗാരി സോബേഴ്സ്, രവി ശാസ്ത്രി, ഹെർഷേൽ ഗിബ്സ്, യുവരാജ് സിങ്, അലക്സ് ഹെയ്‍ൽസ്, രവീന്ദ്ര ജഡേജ, മിസ്ബ ഉൽ ഹബ് തുടങ്ങിയവരെല്ലാം ക്രിക്കറ്റിന്റെ വ്യത്യസ്ഥ മാച്ചുകളിൽ ഒരു ഓവറിൽ ആറു സിക്സുകൾ നേടിയ താരങ്ങളാണ്. ഇപ്പോൾ ഇവർക്കൊപ്പം സ്ഥാനം നേടിയിരിക്കുകയാണ് സസായി.