സെഞ്ചുറി പിന്നിട്ട്‌ രോഹിത് ശര്‍മ്മ; പ്രതീക്ഷയോടെ ഇന്ത്യ

October 29, 2018

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ നാലം മത്സരത്തില്‍ ഇന്ത്യ മികച്ച നിലയിലേക്ക്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ്‌ തിരഞ്ഞെടുത്തു. ഓപ്പണര്‍മാരില്‍ ഒരാളായ രോഹിത് ശര്‍മ്മ സെഞ്ചുറി നേടി. പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് രോഹിത്തിന്റേത്. അര്‍ധ സെഞ്ചുറി പിന്നിട്ട് അമ്പാട്ടി റായിഡുവും ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 250 റണ്‍സ് പിന്നിട്ടു.

ഓപ്പണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാനെയും നായകന്‍ വിരാട് കോഹ്‌ലിയെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

71 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. നാലാം ഏകദിനത്തില്‍ പതിനാറ് റണ്‍സ് മാത്രം അടിച്ചെടുത്താണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പുറത്തായത്.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്നത്തെ മത്സരം കൂടാതെ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഇരു ടീമുകളും ഓരോ മത്സരത്തില്‍ വിജയിച്ചതിനാല്‍ ഈ മത്സരം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമാണ്.

പൂനൈയിലെ തോല്‍വിക്ക് ശേഷം പ്രധാനമായും രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ഋഷഭ് പന്തിന് പകരം കേദാര്‍ ജാദവും യുസ്വേന്ദ്ര ചാഹലിനു പകരം രവീന്ദ്ര ജഡേജയും ടീമിലെത്തിയിട്ടുണ്ട്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീദ് ബുംമ്രയുംമാണ് നാലാം ഏകദിനത്തിലെ ബൗളിങില്‍ ഇന്ത്യയുടെ തുറുപ്പു ചീട്ട്.