ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനം; ഇരു ടീമുകളും ഒപ്പത്തിനൊപ്പം

October 25, 2018

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം സമനിലയില്‍ കലാശിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 321 റണ്‍സാണ് അടിച്ചെടുത്തത്. രണ്ടാമത് ബാറ്റിങിനിറങ്ങിയ വിന്‍ഡീസും സ്‌കോര്‍ ഒപ്പമെത്തിച്ചു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദ് മാച്ച്.

വിരാട് കോഹ്‌ലിയും അമ്പാടി റായിഡുവും പുലര്‍ത്തിയ മികവ് ഇന്ത്യയെ തുണച്ചു. തുടക്കത്തില്‍ തകര്‍ച്ചയുടെ അരികത്തായിരുന്നു ഇന്ത്യന്‍ ടീം. തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. എട്ട് പന്തില്‍ നാല് റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. സ്‌കോര്‍ പതിനഞ്ചില്‍ നില്‍ക്കെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നാലെ എല്‍ബിഡബ്യൂവില്‍ ഓപ്പണറായ ശിഖര്‍ ധവാനെയും ഇന്ത്യയ്ക്ക് നഷ്ടമായി. സ്‌കോര്‍ നാല്‍പതില്‍ എത്തിയപ്പോഴേക്കും ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു.

പിന്നാലെ ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും അമ്പാടി റായിഡുവും തകര്‍ത്തു കളിച്ചു. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഇന്ത്യയുടെ പ്രകടനം മികച്ചുനിന്നു. മൂന്നാം വിക്കറ്റ് നഷ്ടമാവുമ്പോഴേക്കും ഈ കൂട്ടുകെട്ടില്‍ 142 പന്തുകളില്‍ നിന്നായി 139 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 80 പന്തില്‍ നിന്ന് 70 റണ്‍സാണ് റായിഡു അടിച്ചെടുത്തത്. 129 പന്തുകളില്‍ നിന്നുമായി 157 റണ്‍സ് അടിച്ചെടുത്ത കോഹ്‌ലി പുറത്താകാതെ നിന്നു. ഇതില്‍ പതിമൂന്ന് ബൗണ്ടറികളും നാല് സിക്‌സറുകളും അടങ്ങും.

വെസ്റ്റ്ഇന്‍ഡീസിനെതിരെ ഗുവാഹത്തിയില്‍ വെച്ചുനടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. വെസ്റ്റ് ഇന്‍ഡിസ് അടിച്ചെടുത്ത 322 റണ്‍സ് ഇന്ത്യ മറികടന്നു. 42.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ആദ്യ ഏകദിനത്തില്‍ ലക്ഷ്യം കണ്ടത്.