ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനം; ടീം അംഗങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യ

October 23, 2018

വെസ്റ്റ്ഇന്‍ഡീസിനെതിരെ നടക്കുന്ന രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. പന്ത്രണ്ട് അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അമ്പാടി റായുഡു, ഋഷഭ് പന്ത്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ് എന്നിവരാണ് പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍.

ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ അരങ്ങേറും. വിശാഖപട്ടണമാണ് രണ്ടാം ഏകദിനത്തിന്റെ പോരാട്ടവേദി. ഉച്ചയ്ക്ക് ഒന്നര മുതലാണ് മത്സരം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് രണ്ടാം ഏകദിനത്തെ ഉറ്റുനോക്കുന്നത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനങ്ങള്‍ രണ്ടാം ഏകദിനത്തിലും പുറത്തെടുത്താല്‍ ഇന്ത്യയ്ക്ക് വിജയം ഉറപ്പിക്കാം.

വെസ്റ്റ്ഇന്‍ഡീസിനെതിരെ ഗുവാഹത്തിയില്‍ വെച്ചുനടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. വെസ്റ്റ് ഇന്‍ഡിസ് അടിച്ചെടുത്ത 322 റണ്‍സ് ഇന്ത്യ മറികടന്നു. 42.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ആദ്യ ഏകദിനത്തില്‍ ലക്ഷ്യം കണ്ടത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും ആദ്യ ഏകദിനത്തില്‍ സെഞ്ചുറിയും നേടി. കോഹ്‌ലി കരിയറിലെ 36ാമത്തേയും രോഹിത് കരിയറിലെ 20ാമത്തെയും സെഞ്ചുറിയാണ് കുറിച്ചത്.

107 പന്തില്‍ നിന്ന് 21 ബൗണ്ടറിയും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു കൊഹ്‌ലിയുടെ ഇന്നിങ്‌സ്.117 പന്തില്‍ നിന്ന് 15 ഫോറും എട്ട് സിക്‌സറും അടക്കമാണ് രോഹിത് 152 റണ്‍സ് നേടിയത്. സിക്‌സറിലൂടെ രോഹിത് വിജയ റണ്‍സ് നേടുമ്പോള്‍ അമ്പാട്ടി റായിഡുവായിരുന്നു(22) അറ്റത്ത്. വിന്‍ഡീസിനായി തോമസ്, ബിഷു എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി.

50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് 322 റണ്‍സെടുത്തത്. സെഞ്ചുറി നേടിയ ഹെറ്റ്മയറിന്റെയും അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ കിരണ്‍ പവലിന്റെയും ബാറ്റിങാണ് വിന്‍ഡീസിന്റെ ആദ്യ ഏകദിനത്തിലെ മികച്ച പ്രകടനം.