തിരുവനന്തപുരം ഏകദിനം: ആദ്യദിനം വിറ്റുപോയത് ഒന്നരക്കോടിയിലധികം രൂപയുടെ ടിക്കറ്റുകള്‍
കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ വിന്‍ഡീസ് ഏകദിന മത്സരം. പരമ്പരയുടെ അഞ്ചാം ഏകദിനമാണ് തിരുവനന്തപുരത്ത് വെച്ച് നടക്കുക. മത്സരം കാണുന്നതിനുള്ള ടിക്കറ്റുകളുടെ വില്പന ഇന്നലെ മുതല്‍ ആരംഭിച്ചു. 1.5 കോടിയിലേറെ രൂപയുടെ ടിക്കറ്റുകളാണ് ആദ്യദിനം വിറ്റുപോയത്. ഓണ്‍ലൈന്‍ വഴിയായിട്ടാണ് ടിക്കറ്റുകളുടെ വില്പന. പേയ്ടിഎം, ഇന്‍സൈഡര്‍.ഇന്‍ എന്നിവ വഴി മാത്രമായിരിക്കും ടിക്കറ്റുകള്‍ ലഭിക്കുക. ഒരു യൂസര്‍ വിലാസത്തില്‍ പരമാവധി ആറ് ടിക്കറ്റുകള്‍ വരെ വാങ്ങാം.
ടിക്കറ്റ് നിരക്കുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1000, 2000, 3000, എന്നിങ്ങനെയാണ് നിരക്കുകള്‍. കേരള ക്രിക്കറ്റ് അസോസിയേഷന് ജനറല്‍ ബോഡി യോഗത്തിലാണ് ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചത്. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ പ്രിന്റ്ഔട്ടോ എടുത്ത് സ്റ്റേഡിയത്തിനകത്തു പ്രവേശിക്കാനാകും.
വിദ്യാര്‍ത്ഥികള്‍ക്കും ക്ലബ്ലുകള്‍ക്കും പ്രത്യേക ഇളവും നിരക്കില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം 1000 രൂപയുടെ ടിക്കറ്റിന് ഇവര്‍ക്ക് 50% ശതമാനം ഇളവ് ലഭിക്കും. സ്പോര്‍ട്സ് ഹബ്ബിന്റെ ഏറ്റവും മുകളിലുള്ള നിരയിലെ ടിക്കറ്റിന്റെ നിരക്കാണ് 1000 രൂപ. ടിക്കറ്റ് നിരക്കില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്നും നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് തീരുമാനം.
നവംബര്‍ ഒന്നിന് നടക്കുന്ന അഞ്ചാം ഏകദിനത്തിനു ശേഷം ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയണ്‍സ് എന്നറിയപ്പെടുന്ന ഇംഗ്ലണ്ട് എ ടീമും തമ്മിലുള്ള മത്സരവും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചു നടക്കും. 2019 ജനുവരി 23, 25, 27, 29, 31 തീയതികളിലാണ് ഈ മത്സരങ്ങള്‍.