നിധിവേട്ടയുടെ കഥയുമായി ‘കൊ.തി’

October 2, 2018

കഥാപ്രമേയം കൊണ്ട് വിത്യസ്തമാവുകയാണ് ‘കൊ.തി’ അഥവാ കൊച്ചി തിരുവിതാംകൂര്‍ ചതിക്കഥ എന്ന ഹ്രസ്വചിത്രം. ഒരു നിധിവേട്ടയാണ് ചിത്രത്തിന്റെ പ്രമേയം. കൊച്ചി നാട്ടുരാജ്യങ്ങളുടെ ചരിത്ര പശ്ചാത്തലത്തിലാണ് ഈ നിധിവേട്ട. ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ഈ ഹ്രസ്വചിത്രം. കൊച്ചി തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള കെട്ടുകഥകളുടെ പശ്ചാത്തലത്തിലാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി മോഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒരു മുത്തച്ഛന്റെയും കൊച്ചുമകന്റെയും കഥയാണ് ചിത്രം പറയുന്നത്. വിഷ്ണു എന്ന യുവാവും കഥയില്‍ നിറഞ്ഞുനില്‍ക്കുന്നു. കൊച്ചി തിരുവിതാംകൂര്‍ അതിര്‍ത്തികളോടു ചേര്‍ന്നുകിടക്കുന്ന ഗ്രാമങ്ങളില്‍വെച്ചായിരുന്നു കൊ.തിയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചത്.

എഴുത്തുകാനായ പി.വി.എന്‍ നമ്പൂതിരിപ്പാട് ചിത്രത്തിലെ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിഷ്ണു സുകുമാരന്‍, അരുണ്‍ ബാബു എന്നിവരാണ് ഹ്രസ്വചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖില്‍ ഹരിയാണ് ചിത്രത്തിന്റെ സംവിധാനം. രചനയും നിഖില്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.