‘ജാങ്കോ നീ അറിഞ്ഞോ, നമ്മുടെ കൊച്ചി മെട്രൊയെ സിനിമേല്‍ എടുത്തു’; വീഡിയോ കാണാം

October 25, 2018

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട സംഗതി സത്യമാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ കൊച്ചി മെട്രോയെ സിനിമയില്‍ എടുത്തു. ‘ലവര്‍’ എന്ന തെലുങ്ക് ചിത്രത്തിലാണ് കൊച്ചി മെട്രോ ഇടം പിടിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനത്തിലും നിറഞ്ഞു നില്‍ക്കുന്നുണ്ട് നമ്മുടെ സ്വന്തം കൊച്ചി മെട്രോ.

കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ‘ഇനി കൊച്ചി മെട്രോ ഓടും, തെലുങ്ക് സിനിമാപ്രേമികളുടെ ഹൃദയത്തിലൂടെ. ഭാഷയുടെ അതിര്‍വരമ്പുകള്‍ താണ്ടി, മെട്രോയുടെ സൗന്ദര്യവും ആവേശവും ‘LOVER’ എന്ന സിനിമയിലൂടെ തെലുങ്ക് മണ്ണിന്റെ സ്‌നേഹവും കീഴടക്കി മുന്നേറുന്നു. പതിവ് കാഴ്ച്ചകള്‍ക്കപ്പുറം ദൃശ്യങ്ങള്‍ മനോഹരമാവട്ടെ, കൊച്ചി മെട്രോക്കൊപ്പം’ എന്ന അടിക്കുറിപ്പോടുകൂടിയാണ് ‘ലവര്‍’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. കൊച്ചി മെട്രോയെ ആശംസിച്ച് നിരവധി പേരും രംഗത്തെത്തുന്നുണ്ട്.

രാജ് തരുണും റിദ്ദി കുമാറുമാണ് ഗാനരംഗത്തെ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു മെട്രോയിലുള്ള ഗാനത്തിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. മെട്രോയില്‍ പരസ്യചിത്രങ്ങളുടെ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഒരു സിനിമയുടെ ചിത്രീകരണം ഇതാദ്യമാണ്. എന്തായാലും മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ് കൊച്ചി മെട്രോയും ഭാഗമാകുന്ന തെലുങ്ക് ചിത്രത്തിലെ പുതിയ ഗാനം.