‘കൂദാശ’ ഇനി വൈകും.. കാത്തിരിപ്പോടെ ആരാധകർ

October 18, 2018

ബാബുരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘കൂദാശ’യുടെ റിലീസ് തിയതി മാറ്റി. ഈ മാസം 19 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തേണ്ടിയിരുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് തിയതി ഈ മാസം 26 ലേക്ക് മാറ്റിയതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിലെ പുതിയ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പാട്ടിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘ആരീരോ കണ്ണേ..’ എന്ന്  തുടങ്ങുന്ന താരാട്ടു ഗാനത്തിന്റെ രീതിയിലുള്ള ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ ഡിനു തോമസ് ഈലാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലർ ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമാണ്. നിരവധി ചിത്രങ്ങളിൽ വില്ലനായും ഹാസ്യ കഥാപാത്രമായും അഭിനയിച്ച ബാബുരാജ് ആദ്യമായി നായകനാകുന്ന ചിത്രം കൂദാശ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

കല്ലൂക്കാരന്‍ ജോയ് എന്ന കഥാപാത്രത്തെയാണ് ബാബുരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വില്ലന്‍ വേഷങ്ങളില്‍ നിന്നും മാറി കോമഡിയിലേക്ക് തിരിഞ്ഞ ബാബുരാജ് ഇടവേളകള്‍ക്ക് ശേഷം അഭിനയിക്കുന്ന മികച്ചൊരു കഥാപാത്രം കൂടിയായിരിക്കും ജോയ്.

ജോയ് മാത്യു, സായികുമാര്‍, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍ എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റു താരങ്ങള്‍. ഒ എം ആര്‍ ഗ്രൂപ്പിന്റെ ബാനറില്‍ ഒമര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ വി ഖാലിദാണ് നിർവഹിച്ചിരിക്കുന്നത്.