‘അദ്ദേഹം ഒരു വലിയ പാഠപുസ്തകം’ താര രാജാവിനെക്കുറിച്ച് മലയാളികളുടെ ബാലേട്ടൻ..

October 1, 2018

സൂപ്പർ താരങ്ങൾക്കൊപ്പം തമിഴിൽ അരങ്ങേട്ടം കുറിക്കാനൊരുങ്ങി മലയാളികളുടെ പ്രിയപ്പെട്ട ബാലേട്ടൻ. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മണികണ്ഠൻ ആചാരി നിരവധി സിനിമകളിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു. തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളായ രജനികാന്തിനും വിജയ് സേതുപതിക്കുമൊപ്പം തമിഴ് സിനിമാ മേഖലയിലേക്ക് ചുവടുവെച്ച താരം  സ്റ്റൈൽ മന്നൻ രജനികാന്തുമൊത്തുള്ള തന്റെ അഭിനയത്തെക്കുറിച്ച് പറയുകയാണ്..

“രജനി സർ എന്ന സൂപ്പർസ്റ്റാർ എന്ത് കൊണ്ട് ഇപ്പോഴും സൂപ്പർസ്റ്റാർ ആയി നിൽക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു. സമയത്തിൽ കൃത്യത, വിനയം, പിന്നെ സംവിധായകനോട് സംശയങ്ങൾ ചോദിച്ചും സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് കേൾക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സ്കാരന്റെ എനർജി സൂക്ഷിച്ചു ചെയുന്ന രജനി സർ ഒരു വലിയ പാഠപുസ്തകം തന്നെ ആണ്”. മണികണ്‌ഠൻ പറഞ്ഞു.

തമിഴ് മന്നൻ രജനീകാന്ത് പ്രധാന കഥാപാത്രമായി എത്തുന്ന പേട്ട എന്ന ചിത്രത്തിലാണ് മണികണ്ഠൻ എത്തുന്നത്. രജനീകാന്തിന്റെ 165- മത്തെ ചിത്രമാണ് പേട്ട. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സിമ്രാനാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മോഷൻ പോസ്റ്ററുകൾക്കും മറ്റും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മണികണ്ഠൻ ആചാരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..

സൺ പിച്ചേർസ് പ്രൊഡ്യൂസ് ചെയുന്ന കാർത്തിക് സുബ്ബരാജ് സർ ഇന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനി സാറിനു ഒപ്പം ചെറുതെങ്കിലും ഒരു വേഷം ചെയ്യാൻ കഴിഞ്ഞു, അതിനേക്കാൾ ഉപരി കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെയും രാജനിസാറിന്റെയും വ്യക്തിഗത മികവുകളും, തൊഴിലിനോടുള്ള ആത്മാർത്ഥതയും എല്ലാം നേരിട്ട് കണ്ടു അനുഭവിക്കാൻ കഴിഞ്ഞു . രജനി സർ എന്ന സൂപ്പർസ്റ്റാർ എന്ത് കൊണ്ട് ഇപ്പോഴും സൂപ്പർസ്റ്റാർ ആയി നിൽക്കുന്നു എന്ന സത്യം നേരിട്ട് കണ്ടു അനുഭവിച്ചു. സമയത്തിൽ കൃത്യത, വിനയം, പിന്നെ സംവിധായകനോട് സംശയങ്ങൾ ചോദിച്ചും സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് കേൾക്കാനും മടി കാണിക്കാതെ എത്ര വൈകിയാലും യാതൊരു വിധ ബുദ്ധിമുട്ടുകളും മുഖത്തു കാണിക്കാതെ ഇപ്പോഴും ഒരു ഇരുപതു വയസ്സ്കാരന്റെ എനർജി സൂക്ഷിച്ചു ചെയുന്ന രജനി സർ ഒരു വലിയ പാഠപുസ്തകം തന്നെ ആണ്. ആ പാഠപുസ്തകം മുഴുവനും വായിക്കാൻ പറ്റിയിലെങ്കിലും നേരിട്ട് കാണാനും കൂടെ അഭിനയിക്കാനും പറ്റിയത് ദൈവാനുഗ്രഹം ആയി ഞാൻ കാണുന്നു. എന്നെ ഇവിടെ വരെ എത്തിച്ച എന്റെ ഗുരുക്കന്മാരെയും എല്ലാ മലയാളി, സിനിമ പ്രേക്ഷകർക്കും ഞാൻ എന്നും കടപെട്ടവനായിരിക്കും.

നിവിൻ പോളിയും മോഹൻലാലും ഒന്നിക്കുന്ന കായംകുളം കൊച്ചുണ്ണിയാണ് മണികണ്ഠന്റെതായി പുറത്തിറങ്ങാനുള്ള മലയാള ചലച്ചിത്രം. പേട്ടയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ലക്‌നൗവിൽ എത്തിയ താരം വിജയ് സേതുപതിക്കൊപ്പമുള്ള ഫോട്ടോ നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളത്തിൽ നിരവധി ആരാധകരുള്ള ബാലേട്ടൻ തന്റെ മികച്ച അഭിനയത്തിലൂടെ തമിഴകത്തുനിന്നും നിരവധി ആരാധകരെ സൃഷ്ടിക്കുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാലോകം.