‘ഇതിലും ഡോസുള്ളത് ഞാൻ എഴുതുന്നുണ്ട്’ മാസ്സ് ഡയലോഗുമായി നിവിൻ പോളി; ‘മിഖായേലി’ന്റെ ടീസർ കാണാം

October 11, 2018

ഹനീഫ് അദേനി സംവിധായക വേഷത്തിലെത്തുന്ന നിവിൻ പോളി ചിത്രം ‘മിഖായേലി’ന്റെ പുതിയ ടീസർ പുറത്തിറങ്ങി.  മിഖായേലില്‍ നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ‘ഗ്രേറ്റ് ഫാദറി’ന്റെ സംവിധായകനും ‘അബ്രഹാമിന്റെ സന്തതികളു’ടെ തിരക്കഥാകൃത്തുമായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മിഖായേല്‍. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്.

ഫാമിലി ത്രില്ലര്‍ മൂഡില്‍ തയാറാക്കുന്ന ബിഗ് ബജറ്റ് ചിത്രമാകും ഹനീഫ് അദേനി ഒരുക്കുന്ന ‘മിഖായേൽ’. സിനിമയുടെ ഭൂരിഭാഗം വിദേശത്തായിരിക്കും ചിത്രീകരിക്കുക. ആഫ്രിക്കന്‍ രാജ്യങ്ങളിലാകും ചിത്രീകരണം നടക്കുക എന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം ആന്‍റോ ജോസഫ് ആണ് നിർമ്മിക്കുന്നത്.

ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേല്‍ ഫാമിലി ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമായിരിക്കും മിഖായേല്‍ എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിൽ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരും പ്രാധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കും. റോഷന്‍ ആന്‍ഡ്രൂസിന്റെ നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണി ഇന്ന് തീയേറ്ററിൽ എത്തുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്.