ഈ വാരം തീയറ്ററുകളിലെത്തുന്ന അഞ്ച് സിനിമകള്‍
വിവിധ ഭാഷകളിലായി എട്ട് സിനിമകളാണ് ഈ വാരം തീയറ്ററുകളിലെത്തുന്നത്. മലയാളികളുടെ പ്രിയതാരം ആസിഫ് അലി നായകനായെത്തുന്ന ‘മന്ദാരം’, വിജയ് സേതുപതിയുടെ തമിഴ് ചിത്രം ’96’, വിജയ് ദേവരക്കൊണ്ടയുടെതന്നെ തെലുങ്ക് ചിത്രം ‘നോട്ട’ തുടങ്ങിയവയാണ് ഈ വാരം റിലീസിനെത്തുന്ന പ്രധാന ചിത്രങ്ങള്‍.
‘മന്ദാരം’
തകര്‍പ്പന്‍ ലുക്കില്‍ ആസിഫ് അലി നായകനായെത്തുന്ന ചിത്രമാണ് ‘മന്ദാരം’.
മന്ദാരം എന്ന ചിത്രത്തില്‍ തികച്ചും വിത്യസ്തമായ മൂന്ന് ലുക്കിലാണ് ആസിഫ് അലി എത്തുന്നത്. ഗ്രിഗറി ജേക്കബ്, ഭഗത് മാനുവല്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനാര്‍ക്കലി മരയ്ക്കാര്‍ ആണ് മന്ദാരത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മാജിക് മൗണ്ടന്‍സ് സിനാമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയം നായകന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും, അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയും പറയുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സജാസ് ആണ്.
ചിത്രത്തിന്റെ പ്രധാന ഭാഗവും മണാലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘അനിയത്തി പ്രാവു’പോലെ പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്ന ഒരു പ്രണയചിത്രമായിരിക്കുംമന്ദാരമെന്നും ആസിഫ് അലി നേരത്തെ പറഞ്ഞിരുന്നു. നേരത്തെ പുറത്തിറങ്ങിയ മന്ദാരത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ചിരുന്നു.
‘നോട്ട’
വിജയ ദേവരക്കൊണ്ടയെ നായകനാക്കി ചിത്രീകരിക്കുന്ന തെലുങ്ക് ചിത്രമാണ് ‘നോട്ട’. തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസറിനും പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആനന്ദ് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം.
കാലിക പ്രസക്തിയുള്ള വിഷത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന നോട്ടയില്‍ നായികയായി മെഹ്‌റില്‍ പിര്‍ സാദയാണ് എത്തുന്നത്. ‘ബാഹുബലി’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള നടനായി മാറിയ നാസര്‍, സത്യരാജ്, എം.എസ് ഭാസ്‌ക്കര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.
‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍‘
ബിജു മജീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’. നിരവധി കഥാപാത്രങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കെ.ഷിബു രാജാണ് തിരക്കഥ. ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയതലത്തില്‍ നടത്തിയ ഓഡീഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
’96’
തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ വിജയ് സേതുപതി നായകനായെത്തുന്ന തമിഴ് ചിത്രമാണ് ’96’. തികച്ചും വിത്യസ്തമായൊരു കഥാപാത്രത്തെയാണ് വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 1996 ലെ സ്‌കൂള്‍ പ്രണയം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ ഒരു ലുക്ക് 96 വയസ്സിലുള്ളതാണ്.ശക്തമായ തിരക്കഥയാണെന്നും ഇറങ്ങാനിരിക്കുന്ന ഒരു ചിത്രത്തെ കുറിച്ച് ആദ്യമായി ഉള്ളില്‍ ഭയം തോന്നുന്നെന്നും നേരത്തെ വിജയ് സേതുപതി പറഞ്ഞിരുന്നു.
പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ’96’. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.
ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്. നന്ദഗോപാലാണ്.
‘അന്ധാധുന്‍’
ആയുഷ്മാന്‍ ഖുറാന നായകനായെത്തുന്ന ഹിന്ദി ചിത്രമാണ് ‘അന്ധാധുന്‍’. ശ്രീറാം രാഘവനാണ് ചിത്രത്തിന്റെ സംവിധാനം. രാധിക ആപ്‌തെ, തബു, അനില്‍ ധവാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പ്രണയമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. അമതി ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഇതിനുപുറമെ ഇംഗ്ലീഷ് ചിത്രമായ ‘വെനം’, ഹിന്ദി ചിത്രം ‘ലവ് യാത്രി’, തമിഴ് ചിത്രം ‘രാത്സതന്‍’ തുടങ്ങിയ ചിത്രങ്ങളും ഈ വാരം തീയറ്ററുകലിലെത്തുന്നുണ്ട്.