‘ഒടിയൻ’ ഇനി ബിഗ് സ്‌ക്രീനിൽ; പുതിയ ക്യാരക്റ്റർ പോസ്റ്ററുകൾ കാണാം

October 21, 2018

മോഹൻലാൽ നായകനായെത്തുന്ന വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. വാനോളം പ്രതീക്ഷയുമായി ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചതായി സംവിധായകൻ വി എ ശ്രീകുമാർ. ചിത്രത്തിന്റെ പുതിയ ക്യാരക്റ്റർ പോസ്റ്ററുകളും അദ്ദേഹം പുറത്തുവിട്ടു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിച്ചിരിക്കുന്നത്.

മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്,സിദ്ദിഖ്, ഇന്നസെന്റ്, നരേൻ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിലെത്തുന്നു. മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടിവിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഒടിയന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹരികൃഷ്ണനാണ്.

എന്നാൽ ചിത്രം റിലീസിന് മുമ്പേ റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന ഹിന്ദി ഡബ്ബിങ് – സാറ്റലൈറ്റ് റൈറ്റ്‌സാണ് ഒടിയന്‍ കരസ്ഥമാക്കിയിരിക്കുന്നത്. 3 കോടി 25 ലക്ഷം രൂപയാണ് ഹിന്ദി ഡബ്ബിങ് സാറ്റലൈറ്റ് റൈറ്റ്‌സ് ആയി ഒടിയന്‍ നേടിയത്.

അതേസമയം ചിത്രത്തിന്റെ മേക്കിങ് വീഡിയോ സംവിധായകൻ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ‘ഈ ശക്തിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എത്ര വലിയ പ്രതിസന്ധികൾ നേരിട്ടാലും ഒടിയൻ ചിത്രത്തിന് വേണ്ടി കഠിനപ്രയത്നം നടത്തുന്ന ഇവരെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു’ മേക്കിങ് വീഡിയോ പുറത്തുവിട്ടുകൊണ്ട് ശ്രീകുമാർ മേനോൻ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.