ഇന്ന് തിയേറ്ററുകൾ കീഴടക്കുന്ന ചിത്രങ്ങളിലൂടെ…

October 26, 2018

ഇന്ന് തിയേറ്ററുകൾ കീഴടക്കാൻ എത്തുന്നത് നാല് ചിത്രങ്ങളാണ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ജോണി ജോണി എസ് അപ്പാ’, പേര്‍ളി മാണി പ്രധാന കഥാപാത്രമായി എത്തുന്ന ‘ഹൂ’, സണ്ണി വെയ്ൻ ചിത്രം ഫ്രഞ്ച് വിപ്ലവം, ബാബുരാജ് ചിത്രം കൂദാശ എന്നിവയാണ് ഇന്ന് പുറത്തിറങ്ങുന്ന ചിത്രങ്ങൾ

ഫ്രഞ്ച് വിപ്ലവം…

സണ്ണി വെയിനെ പ്രധാന കഥാപാത്രമാക്കി  നവാഗത സംവിധായകന്‍ മജു ഒരുക്കുന്ന ചിത്രത്തിൽ ഒരു ഗ്രാമത്തിലുള്ള റിസോര്‍ട്ടിലെ പാചകക്കാരനായാണ് സണ്ണി എത്തുന്നത്. സത്യനെന്നാണ് ചിത്രത്തിൽ സണ്ണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തികച്ചും ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം.

‘ഈ മ യൗ’ എന്ന ലിജോ ജോസ് പെലിശ്ശേരിയുടെ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്. മീര എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. ലാല്‍ , ചെമ്പന്‍ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണി മായ, കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

1966 കാലഘട്ടത്തിലെ കഥയാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. ആ കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവങ്ങളും അത് അവിടുത്തെ ഗ്രാമത്തിലെ സാധാരണ ജനങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമായി അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും പോസ്റ്ററുകൾക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. കാണികളെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫ്രഞ്ച് വിപ്ലവത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ജോണി ജോണി എസ് അപ്പാ…

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ചാക്കോച്ചൻ എത്തുന്ന ചിത്രമാണ് ജോണി ജോണി എസ് അപ്പാ … ഹാസ്യം  മുഖ്യപ്രമേയമാക്കിയ ചിത്രം  ജി മാർത്താണ്ഡനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോജി തോമസാണ്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിനോദ് ഇല്ലംപള്ളിയാണ്.

കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.  ചിത്രം ഒരു ഫുൾ ടൈം എന്റെർറ്റൈനെർ ചിത്രമാണെന്ന് സംവിധായകൻ മാർത്താണ്ഡൻ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത് അനു സിത്താരയാണ്. ടിനി ടോം, ഷറഫുദീന്‍, അബുസലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിച്ച ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്ന ചിത്രത്തിലൂടെയാണ്  മാർത്താണ്ഡൻ സിനിമ സംവിധായകനായത്. പിന്നീട് മമ്മൂട്ടിയെ നായകനാക്കി അച്ഛ ദിൻ എന്ന ചിത്രവുമൊരുക്കി. അതിനുശേഷം പൃഥ്വിരാജിനെ നായകനാക്കി നിർമ്മിച്ച പാവാട എന്ന ചിത്രത്തിലൂടെയാണ്  മാർത്താണ്ഡൻ ഹിറ്റ് മേക്കർ പദവിയിലേക്ക് എത്തിയത്. ഇപ്പോൾ മാർത്താണ്ഡൻ കുഞ്ചാക്കോ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

കൂദാശ

ബാബുരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘കൂദാശ’യാണ് ഇന്ന് പുറത്തിറങ്ങുന്ന മറ്റൊരു ചിത്രം. നവാഗതനായ ഡിനു തോമസ് ഈലാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലർ ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമാണ്. നിരവധി ചിത്രങ്ങളിൽ വില്ലനായും ഹാസ്യ കഥാപാത്രമായും അഭിനയിച്ച ബാബുരാജ് ആദ്യമായി നായകനാകുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

കല്ലൂക്കാരന്‍ ജോയ് എന്ന കഥാപാത്രത്തെയാണ് ബാബുരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വില്ലന്‍ വേഷങ്ങളില്‍ നിന്നും മാറി കോമഡിയിലേക്ക് തിരിഞ്ഞ ബാബുരാജ് ഇടവേളകള്‍ക്ക് ശേഷം അഭിനയിക്കുന്ന മികച്ചൊരു കഥാപാത്രം കൂടിയായിരിക്കും ജോയ്.

ജോയ് മാത്യു, സായികുമാര്‍, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍ എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റു താരങ്ങള്‍. ഒ എം ആര്‍ ഗ്രൂപ്പിന്റെ ബാനറില്‍ ഒമര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ വി ഖാലിദാണ് നിർവഹിച്ചിരിക്കുന്നത്.

ഹൂ  

അജയ് ദേവലോക സംവിധാനം ചെയ്യുന്ന, കോറിഡോർ 6 ന്റെ ‘ഹൂ’ എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിലെ ഡോക്ടർ സാമുവൽ എന്ന കഥാപാത്രമായി കളക്ടർ  ബ്രോ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

മൂടൽ മഞ്ഞിനൊപ്പം രഹസ്യങ്ങളും ചൂഴ്ന്നു നിൽക്കുന്ന നിഗൂഢതകളുടെ താഴ്വരയായ മെർക്കാടയിൽ താമസിക്കുന്ന ഡോക്ടർ സാമുവലിന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് ബ്രോയ്‌ക്കൊപ്പം പേർളി മാണിയാണ്. ശ്രുതി മേനോൻ, ഷൈൻ ടോം ചാക്കോ, രാജീവ് പിള്ള, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സ്വപ്നങ്ങളും, യാഥാർഥ്യവും ഇഴകോർത്തു നിൽക്കുന്ന മെർക്കാടയിലെ രഹസ്യാന്വേഷകനായാണ് സാമുവേൽ ചിത്രത്തിൽ എത്തുന്നത്. ഫോർ കെ ക്വളിറ്റിയിൽ ഒക്ടോബറിൽ തീയറ്ററുകളിൽ എത്തുന്ന ഈ ചിത്രം മലയാള സിനിമയുടെ പുതിയ തലത്തിലേക്കുള്ള ചുവടുവെപ്പാകുമെന്നതിൽ സംശയമില്ല. ഇൻസെപ്‌ഷൻ, മുൽഹോളണ്ട് ഡ്രൈവ് മുതലായ ചിത്രങ്ങൾക്കൊപ്പം എത്തുന്ന ചിത്രം ഡോൾബൈ അറ്റ്മോസ് ശബ്ദസംവിധാനത്തിലാണ് ഒരുക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.