തമ്പി കണ്ണന്താനം അന്തരിച്ചു; ഓര്‍മ്മയാകുന്നത് മലയാളികള്‍ക്ക് ‘രാജാവിന്റെ മകനെ’ സമ്മാനിച്ച സംവിധായകന്
പ്രശസ്ത ചലച്ചിത്ര സംവിധായകന് തമ്പി കണ്ണന്താനം അന്തരിച്ചു. ഓര്‍മ്മയാകുന്നത് മലയാളികള്‍ക്ക് ഒരുപാട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ്. ‘രാജാവിന്റെ മകന്’ എന്ന ചിത്രം മലയാളികള്‍ക്ക് മറക്കാനാകില്ല. മോഹന്‍ലാല്‍ എന്ന മഹാനടനെ സൂപ്പര്‍സ്റ്റാര്‍ പദവിലെത്തിക്കുന്നതില് നിസ്തുലമായ പങ്കുവഹിച്ചത് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന് എന്ന ചിത്രം തന്നെയാണ്. ഭൂമിയിലെ രാജാക്കന്മാര്, നാടോടി, മാന്ത്രികം, ഇന്ദ്രജാലം തുടങ്ങി മോഹന്‍ലാലിനെ നായകനാക്കി ഒരുപിടി നല്ല സിനിമകളാണ് തമ്പി എന്ന സംവിധായകന് മലയാളി പ്രേക്ഷകര്‍ക്ക് നല്‍കിയത്.
ശശികുമാറിനൊപ്പം സഹസംവിധായകനായിട്ടായിരുന്നു തമ്പി കണ്ണന്താനത്തിന്റെ സിനിമാരംഗത്തേക്കുള്ള രംഗപ്രവേശനം. തുര്‍ന്ന് ജോഷിയോടൊപ്പം സംവിധാന സഹായിയി. സംവിധാനരംഗത്ത് ഏറെ പരിചയം സിദ്ധിച്ചപ്പോള്‍ സ്വയം സംവിധാനരംഗത്തേക്കിറങ്ങി. 1983 ല്‍ പുറത്തിറങ്ങിയ താവളമാണ് തമ്പി കണ്ണന്താനം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മോഹന്‍ലാലിനെ നായകനാക്കി 16 സിനിമകളാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുള്ളത്. മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലും ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു. 2001 ല്‍ പുറത്തിറങ്ങിയ ‘ഒന്നാമന്’ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു പ്രണവ് അഭിനയിച്ചത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തമ്പി കണ്ണന്താനം. എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം നാളെ പൊതുദര്‍ശനത്തിനുവെയ്ക്കും. മറ്റന്നാള്‍ കാഞ്ഞിരപ്പള്ളിയിലാണ് മൃതസംസ്കാരം.