തീവണ്ടിയിലെ പുതിയ ഗാനവും ഏറ്റെടുത്ത് ആരാധകർ;’താ തിന്നം’ വീഡിയോ കാണാം

October 5, 2018

തീയറ്ററുകളില്‍ കുതിച്ചു പായുകയാണ് ടോവിനോ തോമസ് നായകനായെത്തുന്ന ‘തീവണ്ടീ’ എന്ന ചിത്രം. തീവണ്ടിയിലെ പുതിയ ഗാനവും പുറത്തിറങ്ങി. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് വരികള്‍ രചിച്ചിരിക്കുന്നത്. കൈലാസ് മേനോന്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്.

മികച്ച പ്രതികരണങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിലെ’ജീവംശയമായി…’ എന്നു തുടങ്ങുന്ന ഗാനവും നേരത്തെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. രണ്ട് കോടിയിലധികം ആരാധകരുള്ള ഗാനം ഗൂഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് യൂട്യൂബിലൂടെയാണ് പുറത്തുവിട്ടത്. ‘സെക്കന്‍ഡ് ഷോ’ എന്ന ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഫെല്ലിനിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘തീവണ്ടി‘.

നിറയെ ആരാധകരുള്ള ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്. ശ്രേയാ ഘോഷാലും ഹരിശങ്കറും ചേര്‍ന്നാണ് ചിത്രത്തിലെ ‘ജീവംശയമായി…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിങ് ലിസിറ്റില്‍ രണ്ടാമതുള്ള ഗാനത്തിന് ഇപ്പോള്‍ രണ്ട് കോടിയിലധികമാണ് കാഴ്ചക്കാര്‍.

തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് വിനി വിശ്വലാലാണ്. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്. മികച്ച പ്രതികരണത്തോടെയാണ് തീയറ്ററുകളില്‍ തീവണ്ടി മുന്നേറുന്നത്.