അണ്ടര്‍-19 ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യ ഫൈനലില്‍

October 5, 2018

എഷ്യാകപ്പിലെ പോലെതന്നെ അണ്ടര്‍-19 ഏഷ്യാകപ്പിലും ഇന്ത്യയുടെ താരങ്ങല്‍ കാഴ്ചവെച്ചത് മിന്നും പ്രകടനം. സെമിഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യന്‍ കൗമാരപ്പട ഫൈനലില്‍ കടന്നു. രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്നു നടക്കുന്ന ശ്രീലങ്ക- അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ വിജയിക്കുന്ന ടീമായിരിക്കും ഇന്ത്യയ്‌ക്കൊപ്പം ഫൈനല്‍ പോരാട്ടത്തിനിറങ്ങുക. ഞായറാഴ്ചയാണ് അണ്ടര്‍-19 ഏഷ്യാകപ്പ് ഫൈനല്‍.

സെമിഫൈനലില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 49.3 ഓവറില്‍ 172 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. 46.2 ഓവറില്‍ ബംഗ്ലാദേശ് 170 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ മോഹിത് ജാന്‍ഗ്ര കളിയില്‍ മൂന്നുവിക്കറ്റെടുത്തു. ഒമ്പത് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്താണ് ജാന്‍ഗ്ര മൂന്നുവിക്കറ്റെടുത്തത്.

എന്നാല്‍ ഇന്ത്യയുടെ ഓപ്പണറായ ദേവദത്ത് പടിക്കലിനെ കളിയുടെ തുടക്കത്തില്‍തന്നെ നഷ്ടമായി. ഒരു റണ്‍ ആണ് താരമെടുത്തത്. യശസ്വി ജയ്‌സ്‌വാള്‍ 37 റണ്‍സും അനുജ് റാവത്ത് 35 റണ്‍സുമെടുത്ത് ഇന്ത്യയെ പിടിച്ചുനിര്‍ത്തി. ആയുശ് ബഡേനി 28 റണ്‍സും സമീര്‍ ചൗധരി 36 റണ്‍സും ഇന്ത്യയ്ക്കായി അടിച്ചെടുത്തു.