തീയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടി ‘വട ചെന്നൈ’

October 19, 2018

തീയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ് ധനുഷ് നായകനായെത്തുന്ന ‘വട ചെന്നൈ’. ഇന്ത്യയ്ക്കു പുറമേ വിദേശത്തുനിന്നും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുഎസ്സില്‍ ‘വട ചെന്നെ’ ഒരുലക്ഷം ഡേളര്‍ കളക്ഷന്‍ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ‘വട ചെന്നൈ’. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധായകന്‍.

പിന്‍ജിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മികച്ച പ്രതികരണമാണ് ‘വട ചെന്നൈ’ എന്ന ചിത്രത്തിന് ലഭിച്ചത്. സങ്കീര്‍ണ്ണതകള്‍ ഏറെയുള്ള ഒരല്പം ബോള്‍ഡായ കഥാപാത്രമായാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ‘ആടുകളം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വെട്രിമാരന്‍. ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ‘വട ചെന്നൈ’ എന്ന ചിത്രത്തിനുണ്ട്.

വടക്കന്‍ ചെന്നൈയിലെ ഒരുകൂട്ടം ആളുകളുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഐശ്വര്യ രാജേഷ്, ആന്‍ഡ്രിയ ജെര്‍മിയ, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

അന്‍പ് എന്ന കഥാപാത്രമായാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. സിനിമ റിലീസ് ചെയ്യുന്നതിനും മുമ്പേ ചിത്രത്തിന്റെ പ്രത്യേക പ്രെമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘അന്‍പ് ദി ആങ്കര്‍’ എന്ന പേരില്‍ റിലീസ് ചെയ്ത വീഡിയോ ഇതിനോടകംതന്നെ നിരവധി പേരാണ് കണ്ടത്. ‘വട ചെന്നൈ’ എന്ന ചിത്രത്തില്‍ ധനുഷ് അവതരിപ്പിക്കുന്ന അന്‍പ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് തയാറാക്കിയിരിക്കുന്ന പ്രെമോ വീഡിയോ ആണ് ഇത്.