ആ നടന്റെ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം പകർന്നത്-കലാഭവൻ ഷാജോൺ

November 8, 2018

ഹാസ്യകഥാപാത്രമായി എത്തി മലയാളികളുടെ ഹൃദയം കീഴടക്കി നടനായും സഹനടനായുമൊക്ക സിനിമാരംഗത്ത് തിളങ്ങിയ പ്രതിഭയാണ് കലാഭവൻ ഷാജോൺ. അഭിനയത്തിന് ശേഷം സംവിധാന രംഗത്തേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുന്ന ഷാജോണിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തുകയാണ് താരം.

ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ബ്രദേഴ്‌സ് ഡേ’ എന്നാണ്. പൃഥ്വിരാജ് നായക വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും ഷാജോൺ തന്നെയാണ്.

തിരക്കഥ തയാറായ ശേഷം താൻ അത് പൃഥ്വിരാജിനെ കാണിച്ചു. തിരക്കഥ ഇഷ്ടപെട്ട പൃഥ്വി ഇത് ചേട്ടൻ തന്നെ സംവിധാനം ചെയ്യാനും പറഞ്ഞു. സിനിമ രംഗത്ത് പ്രവർത്തിക്കുന്ന ഏതൊരാളുടെയും ആഗ്രഹം പോലെ സിനിമ ചെയ്യണമെന്നത് എന്റെയും ആഗ്രഹമായിരുന്നു. എന്നാൽ സംവിധാനം മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിപ്പിക്കാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു കഥ നന്നായി എഴുതാൻ കഴിയുന്ന ആൾക്ക് അത് മനോഹരമായി സംവിധാനം ചെയ്യാൻ കഴിയുമെന്നും ചേട്ടൻ തന്നെ ചെയ്താൽ മതിയെന്നും പൃഥ്വി പറയുന്നത്.

ചേട്ടൻ സംവിധാനം ചെയ്താൽ ചിത്രത്തിൽ ഞാൻ അഭിനയിക്കാൻ തയാറാണ് എന്ന് കൂടി പൃഥ്വി പറഞ്ഞതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. പൃഥ്വിയെപ്പോലൊരാളുടെ ഡേറ്റ് കിട്ടാൻ നിരവധി ആളുകൾ കാത്തുനിൽക്കുമ്പോൾ   എന്നെപ്പോലൊരാളുടെ അടുത്ത് വന്ന് പൃഥ്വി ഇങ്ങോട്ട് ഡേറ്റ് പറഞ്ഞത് ഏറെ അത്ഭുതമായിരുന്നു. ഒരു സംവിധായകന്റെ കുപ്പായം അണിയുവാനുള്ള ആത്മവിശ്വാസം നേടിത്തന്നത് പൃഥ്വിയായിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷാജോൺ ഇത് പറഞ്ഞത്.

2019 ഫെബ്രുവരിയോടെ ബ്രദേഴ്‌സ് ഡേയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഷാജോൺ അറിയിച്ചു.

ശങ്കർ സംവിധാനം ചെയ്യുന്ന രജനീകാന്ദ് ചിത്രം 2.0 വിലും ഷാജോൺ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.