പ്രണായാര്‍ദ്ര ഭാവങ്ങളില്‍ നിറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണനും ജയശ്രീയും; നിത്യ ഹരിത നായകനിലെ പുതിയ ഗാനം

November 11, 2018

മലയാളത്തിന്റെ പ്രിയപ്പെട്ട കൂട്ടുകെട്ട് ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘നിത്യഹരിത നായകന്‍’. ചിത്രത്തിലെ ഒരു ഗാനംകൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിഷ്ണു ഉണ്ണികൃഷ്ണനും ജയശ്രീയുമാണ് ഗാനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.

‘ഒരിടത്തൊരു പുഴയുണ്ട്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയില്‍ തിളങ്ങിയ താരമാണ് ജയശ്രീ. തുടര്‍ന്ന് ‘ഭ്രമരം’, ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയമായി. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തില്‍ എന്‍സിസി യൂണിഫോമില്‍ സല്യൂട്ട് ചെയ്യുന്ന ആ മിടുക്കിയെ മലയാളികള്‍ നേരത്തെ ഹൃദയത്തിലേറ്റിയതാണ്. ‘നിത്യഹരിത നായകന്‍’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികള്‍ക്ക് പ്രീയപ്പെട്ടവളാവുകയാണ് ജയശ്രീ. നായികാ കഥാപാത്രമായി ജയശ്രീ ചിത്രത്തിലെത്തുന്നു എന്നതും നിത്യഹരിത നായകന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

‘നീലരാവിലായി…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. എംജി ശ്രീകുമാറും സുജാത മോഹനും ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചത്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘നിത്യഹരിത നായകന്‍’. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ മനു തച്ചേട്ടും ധര്‍മ്മജനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ജയഗോപാലാണ്.

പാലായില്‍ ജനിച്ചു വളര്‍ന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില രസകരമായ നിമിഷങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏറെ നാളത്തെ തിരച്ചിലിന് ശേഷംകിട്ടിയ ഒരു കഥയില്‍ നിന്നാണ് നിത്യഹരിത നായകനെ കണ്ടെത്തിയതെന്ന് സംവിധായകന്‍ ബിനുരാജ് നേരത്തെ പറഞ്ഞിരുന്നു. നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രം ഒരു മുഴുനീള എന്റെര്‍റ്റൈനെര്‍ ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് കെ പവനാണ്. ജാഫര്‍ ഇടുക്കി, ബിജുക്കുട്ടന്‍, സാജന്‍ പള്ളുരുത്തി, വിനോദ് തൃക്കാക്കര, ജയഗോപാല്‍, ബാബു റഫീക്ക്, ബേസില്‍ ജോസഫ്, അഖില, രവീണ രവി, ശിവകാമി, ശ്രുതി, നിമിഷ, അഞ്ജു അരവിന്ദ്, ഗായത്രി, മാസ്റ്റര്‍ ആരോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

‘കട്ടപ്പനയിലെ ഋഥ്വിക് റോഷന്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച കഥാപാത്രങ്ങളാണ് വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. ഇരുവരും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ആണെങ്കിലും ഈ കൂട്ടുകെട്ട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിഷ്ണുവും ധര്‍മ്മജനും ഒന്നിക്കുന്ന ‘നിത്യഹരിത നായകന്‍ ഏറെ ആകംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.