ഇത്തവണ നായികയല്ല വില്ലത്തിയാണ് മധുബാല…

November 10, 2018

‘റോജ’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ സമ്പാദിച്ച താരമാണ് മധുബാല. മലയാളത്തിലും തമിഴിലുമായി വെള്ളിത്തിരയിൽ നിറഞ്ഞുനിന്നിരുന്ന താരം ചെറിയൊരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘അഗ്നിദേവ്’. ഇത്തവണ പക്ഷെ നായികയായല്ല വില്ലത്തിയായാണ് താരം അഭിനയിക്കുന്നത്.

ബോബി സിംഹ നായകനായി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പോൾരാജാണ്. ചിത്രത്തിൽ മന്ത്രി ശകുന്തളാ ദേവി എന്ന നെഗറ്റിവ് കഥാപാത്രത്തെയാണ് മധുബാല അവതരിപ്പിക്കുന്നത്. ക്യാറ്റ് ആൻഡ് മോസ് രീതിയിലുള്ള ഒരു ത്രില്ലറാണ് ചിത്രമെന്നാണ് സിനിമയുടെ അണിയറ പ്രവത്തകർ അറിയിക്കുന്നത്. രമ്യ നമ്പീശൻ നായികയായി എത്തുന്ന ചിത്രത്തിൽ ഹാസ്യ കഥാപാത്രമായി സതീഷും വേഷമിടുന്നുണ്ട്.

അതേസമയം മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കഥപറയുന്നതാണ് ചിത്രമെന്നും ചിത്രത്തിലെ മന്ത്രി ശകുന്തള ദേവിയുടെ ക്യാരക്റ്റർ ജയലളിതയെ ഓർമ്മിപ്പിക്കുന്നതാണെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്നും തന്റെ കഥാപാത്രത്തിന് ജയലളിത മാഡവുമായി യാതൊരു ബന്ധവും ഇല്ലെന്നും ‘പടയപ്പ’യിലെ രമ്യാ കൃഷ്ണന്റെ നീലാംബരി, വരലക്ഷ്മി ഈയിടെ അവതരിപ്പിച്ച വില്ലന്‍ റോളുകള്‍ എന്നിവക്കൊപ്പം നില്‍ക്കുന്നതാണ് അഗ്നി ദേവിലെ ശകുന്തളദേവിയുടെ കഥാപാത്രമെന്നും സംവിധായകൻ പോള്‍രാജ് പറഞ്ഞു.