കാളിദാസിനൊപ്പം ചേർന്ന് ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ കളി തുടങ്ങി…
കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ന്റെ ചിത്രീകരണം ആരംഭിച്ചു. ‘ആട്’, ‘ആന്മരിയ കലിപ്പിലാണ്’, ‘അലമാര’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം പങ്കുവെച്ചത്. അതിനൊപ്പം ലൊക്കേഷൻ ചിത്രങ്ങളും ആഷിക് ഉസ്മാൻ പങ്കുവെച്ചിട്ടുണ്ട്.
കാട്ടൂർക്കടവ് എന്ന ഗ്രാമത്തിലെ ആളുകളുടെ ജീവിതവും അർജന്റീന ഫുട്ബോൾ ടീമിനോടുള്ള ആരാധനയുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ കാളിദാസ് ജയറാമിനൊപ്പം ഐശ്വര്യാ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. ഒപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കോട്ടയം കുഞ്ഞച്ചൻ, ആട് 3 , ജയസൂര്യ പ്രോജക്ട് തുടങ്ങി നിരവധി ചിത്രങ്ങളാണ് മിഥുൻ മാനുവൽ തോമസിന്റേതായി പുറത്തിറങ്ങാനുള്ളത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന അള്ള് രാമേന്ദ്രനും ഈ വർഷം ഷൂട്ടിങ് തുടങ്ങും. കുഞ്ചാക്കോ ബോബനാണ് അള്ള് രാമേന്ദ്രനിൽ നായകനായി എത്തുന്നത്.
മമ്മൂട്ടിയെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ-2 ഉടൻ ചിത്രീകരണം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ആട് സീരീസ് നിർമിച്ച ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു തന്നെയാണ് കോട്ടയം കുഞ്ഞച്ചന്റെ പുതിയ പതിപ്പും നിർമ്മിക്കുന്നത്. ആട് 2 വിന്റെ വിജയാഘോഷ വേളയിൽ മമ്മൂട്ടിയും വിജയ് ബാബുവും ചേർന്നാണ്കോട്ടയം കുഞ്ഞച്ചൻ 2 പ്രഖ്യാപിച്ചത്.
അതേസമയം കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയുടെ പകർപ്പവകാശം നൽകാനാവില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ അരോമ മണി അറിയിച്ചിരുന്നു. കോട്ടയം കുഞ്ഞച്ചൻ 2 എന്ന രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണ് ആദ്യ ഭാഗത്തിന്റെ പകർപ്പവകാശം ആർക്കും കൈമാറിയിട്ടില്ലെന്ന് നിർമാതാവായ അരോമ മണി വ്യക്തമാക്കിയത്. മമ്മൂട്ടി തന്നെ നായകനായി കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമൊരുക്കുമെന്ന് നിർമ്മാതാവായ വിജയ് ബാബു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമർശനവുമായി അരോമ മണി എത്തിയത്. അതിനാൽ മിഥുൻ മനുവലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന കോട്ടയം കുഞ്ഞച്ചൻ ഉടൻ ആരംഭിക്കുകയില്ല.
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു