ഓട്ടോഡ്രൈവറായി അനുശ്രീ; ‘ഓട്ടര്‍ഷ’യിലെ പുതിയ ഗാനം

November 19, 2018

അനുശ്രീ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഓട്ടര്‍ഷ’. ചിത്രത്തിലെ പുതിയ ഒരു ഗാനംകൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘നീ കണ്ടാ…’ എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. വൈശാഖിന്റെ വരികള്‍ക്ക് ശരത് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മുകേഷാണ് ആലാപനം.

ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ‘നവംബര്‍ 23 മുതല്‍ ഓട്ടര്‍ഷയുമായി നമ്മളെ കൂട്ടുവാന്‍ അവള്‍ വരുന്നു… നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ ‘സുധി’യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക്’ എന്ന കുറിപ്പോടെയാണ് ട്രെയിലര്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

പ്രണയവും ആക്ഷന്‍ രംഗങ്ങളും തമാശയുമെല്ലാം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നു. സുജിത് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കുറേയേറെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട ഇവരുടെ അനുഭവങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നു.