‘മീൻ മാത്രമല്ല ഇനി മീൻകറിയും ഇവിടെ കിട്ടും’; ആരാധകർക്ക് സന്തോഷ വാർത്തയുമായി ധർമ്മജൻ

November 2, 2018

കൊച്ചിക്കാർക്ക് ഏറെ ആവേശം പകരുന്നതായിരുന്നു നടൻ ധർമ്മജൻ ബോൾഗാട്ടി കൊച്ചിയിൽ ആരംഭിച്ച ഫിഷ് ഹബ്ബ്. ധർമ്മൂസ് ഫിഷ് ഹബ്ബ് എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനം കഴിഞ്ഞ ജൂലൈ അഞ്ചിനാണ് പ്രവർത്തനം ആരംഭിച്ചത്. ധർമ്മജനും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച സ്ഥാപനം, ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷം ചേർത്ത മീനുകൾക്ക് പകരം നല്ല പിടയ്ക്കുന്ന മീനുകൾ ഫ്രഷായിട്ട് നാട്ടുകാർക്ക് നൽകുക എന്ന ഉദ്ദേശത്തോടെയാണ്  ആരംഭിച്ചത്. ചെറു മീനുകൾ വൃത്തിയാക്കി ഓർഡർ അനുസരിച്ച് വീടുകളിൽ എത്തിക്കുന്നതിനുള്ള സൗകര്യവും ധർമുസ് ഫിഷ് ഹബ്ബ് ഒരുക്കിയിട്ടുണ്ട്.

കൊച്ചി പനമ്പാളി നഗറിലെ ധർമ്മജന്റെ ഫിഷ് ഹബ്ബിൽ മത്സ്യം മാത്രമല്ല മത്സ്യക്കറിയും ലഭ്യമാകും. ഫിഷ് ഹബ്ബിന്റെ രണ്ടാമത്തെ ഭാഗത്തിന്റെ ഉദഘാടനവുമായാണ് ധർമ്മജൻ ഫിഷ് കറി എന്ന ആശയം തുടങ്ങിയത്. ധർമ്മജൻ തന്നെയാണ് ഫിഷ് കറി തയാറാക്കിയതും. അഭിനയം മാത്രമല്ല പാചകവും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയായിരുന്നു താരം. കറിക്ക്  ആവശ്യമായ ചേരുവകകൾ തയ്യാറാക്കിയതും ധർമ്മജൻ ആയിരുന്നു. വീട്ടിൽ മീൻ കറി  വയ്ക്കാൻ സമയമില്ലാത്തവർക്കായാണ് ഹബ്ബിൽ ഫിഷ് കറി വിതരണം നടത്തുന്നതെന്നും. 20 മിനിറ്റിനുള്ളിൽ ഹോം ഡെലിവറി ഉണ്ടാകുമെന്നും ധർമ്മജൻ അറിയിച്ചു.

അതേസമയം ധർമ്മജന്റെ ഏറ്റവും പുതിയ ചിത്രമായ നിത്യഹരിത നായകൻറെ തിരക്കിലാണ് താരമിപ്പോൾ. ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘നിത്യഹരിത നായകന്‍’. ആദിത്യ ക്രിയേഷന്‍സിന്റെബാനറില്‍ മനു തച്ചേട്ടും ധര്‍മ്മജനും ഒരുമിച്ചുചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ജയഗോപാലാണ്.

പാലായില്‍ ജനിച്ചു വളര്‍ന്ന ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില രസകരമായ നിമിഷങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി വേഷമിടുന്നത് വിഷ്ണു ഉണ്ണികൃഷ്ണനാണ്.