‘വീൽ ചെയറിലിരുന്ന് ഗീതു വരച്ചുകൂട്ടി,’ ഒടുവിൽ ആഗ്രഹം സഫലീകരിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന് ഒരു സമ്മാനവുമായി വീല്‍ചെയറില്‍ കാത്തിരുന്ന മാവേലിക്കര സ്വദേശി ഗീതുകൃഷ്ണയുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ച് മുഖ്യമന്ത്രി. മസ്ക്കുലര്‍ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച ഗീതു വരച്ച ചിത്രങ്ങൾ അടങ്ങിയ പുസ്തകമാണ് ഗീതു പിണറായിക്ക് സമ്മാനിച്ചത്. വിരലുകള്‍ക്കു മാത്രം ചലന ശേഷിയുള്ള, ഗീതു വളരെ മനോഹരമായി ചിത്രങ്ങൾ വരയ്ക്കും.
ശാരീരിക അസ്വസ്ഥതകൾക്കിടയിലും കലയെ സ്നേഹിക്കുന്ന ഈ കൊച്ചു പെൺകുട്ടി കവിതകള്‍ രചിക്കാനും മിടുക്കിയാണ്. ‘എന്റെ വിരല്പാടുകള്’ എന്നാണ് ചിത്രപുസ്തകത്തിന് ഗീതു പേരു നല്‍കിയിരിക്കുന്നത്. മടിയില്‍ പേപ്പര്‍ വച്ച് പെന്‍സില്‍ കൊണ്ടാണ് ഗീതു ചിത്രങ്ങൾ വരയ്ക്കാറുള്ളത്. എന്റെ ജീവിത നൊമ്പരം എന്ന കവിതാ സമാഹാരവും ഗീതു തയാറാക്കിയിട്ടുണ്ട്.
പത്ത് വയസുവരെ സാധാരണ കുട്ടികളെപ്പോലെ ഓടിക്കളിച്ചിരുന്ന ഗീതുവിനെ പെട്ടന്നാണ് അസുഖം ബാധിച്ചത്. അധികം താമസിയാതെ കാലുകള്‍ തളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് രോഗം ബാധിക്കുകയും ചെയ്തു.. അതോടെ അഞ്ചാം ക്ളാസില്‍ വച്ച് ഗീതുവിന്റെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് വരകളിലും കവിതകളിലുമാണ് ഈ കുഞ്ഞ് ആശ്വാസം കണ്ടെത്തിയത്. ഇപ്പോൾ 22 വയസ്സുണ്ട് ഗീതുവിന്.